ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ മുഖ്യപ്രതിയായ ഉന്നാവോ ബലാത്സംഗ, വധശ്രമക്കേസുകളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളുടെയും വിചാരണ ലക്നൗ സി.ബി.ഐ കോടതിയിൽ തന്നെ തൽക്കാലം തുടരട്ടെയെന്ന് സുപ്രീം കോടതി. ഡൽഹി കോടതിയിലേക്ക് മാറ്റിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന സി.ബി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നേരത്തെ കേസിൽ ഇടപെട്ട സുപ്രീം കോടതി എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസ് ഇപ്പോൾ ഡൽഹിയിലേക്ക് മാറ്റിയാൽ അത് പ്രതികളുടെ കസ്റ്റഡിയെ ബാധിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ കേസ് ഡൽഹി കോടതിയിലേക്ക് മാറ്റാമെന്നും സി.ബി.ഐ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഉന്നാവോ കേസിൽ കുൽദീപ് സിംഗ് സെൻഗാർ എംഎൽഎയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കോടതി കേസ് ഇന്ന് പരിഗണിക്കും. ഉന്നാവോയിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നിൽ കുൽദീപ് സിംഗ് സെൻഗാർ ആണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെൻഗാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.