huawei

നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ചൈനീസ് സാങ്കേതിക മേഖലയെ പുറകോട്ടടിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങളുടെ കാര്യത്തിൽ ട്രംപ് കടുത്ത നിലപാടുകൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ചൈനീസ് കമ്പനികൾക്ക് തുടർന്നും അമേരിക്കയിലെ ടെക് കമ്പനികളുമായി സഹകരിച്ച് തടസങ്ങളില്ലാതെ തങ്ങളുടെ ബിസിനസുമായി മുന്നോട്ട് പോകാമായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ്ജം, ഡ്രോണുകൾ, എന്നിവയുടെ നിർമ്മാണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്ന ചൈനയ്ക്ക് തുടർന്നും ആവശ്യമായ സാങ്കേതിക വിദ്യ അമേരിക്കയിൽ നിന്നും വാങ്ങിക്കുകയും ചെയ്യാമായിരുന്നു. ജനുവരി 30നാണ് വാവെ സ്മാർട്ഫോൺ കമ്പനിയുടെ ഉടമയായ ലിയാങ് ഹുവാ, തങ്ങളുടെ സ്മാർട്ഫോണുകളിൽ ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തീരുമാനിച്ച കാര്യം പരസ്യമാക്കിയത്.

എന്നാൽ ഈ പദ്ധതി നടപ്പാക്കാനും അമേരിക്കയുടെ സഹായം വേണ്ടിവരും. അമേരിക്കയും ചൈനയും തമ്മിൽ സാങ്കേതിക മേഖലയിൽ ഇപ്പോഴും പരസ്പര സഹകരണം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും പതുക്കെ ഇരു രാജ്യങ്ങളും ഒരു 'ടെക്ക്' മഹായുദ്ധത്തിലേക്കാണ് നടന്നടുക്കുന്നത്. വാവെക്കെതിരെയുള്ള ട്രംപിന്റെ യുദ്ധപ്രഖ്യാപനം ഒരു തരത്തിൽ ഈ ചൈനീസ് കമ്പനിയെ സഹായിക്കുകയാണുണ്ടായത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുക്കുന്നതിലേക്ക് ഇത് വാവെയെ കൊണ്ടു ചെന്നെത്തിച്ചു. ചുരുക്കത്തിൽ ഉർവശീ ശാപം ഉപകാരമായി. ട്രംപ് വാവെയെ അമേരിക്കയിൽ നിന്നും പൂർണമായും ഒഴിവാക്കിയെങ്കിലും വാവെയുടെ സ്ഥാപകൻ റെൻ സെന്റ്ഫെയ് നിരാശനായില്ല.

അമേരിക്കയുമായി സഹകരിക്കുന്നത് നിർത്താനും, സ്വയം ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനാണ് ഇനി വാവെയുടെ പദ്ധതിയെന്നാണ് റെൻ പറയുന്നത്. വേണ്ടിവന്നാൽ പുത്തൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റവും വികസിപ്പിച്ചെടുക്കുമെന്നും റെൻ പറയുന്നു. വാവെയുടെ ഈ പ്രതികരണം മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. ഇനി മുതൽ അമേരിക്കയെ സാങ്കേതിക സഹായത്തിനായി സമീപിക്കാനാവില്ല എന്ന തിരിച്ചറിവിലേക്കാണ്, വാവെയ്ക്കെതിരെയുള്ള ട്രംപിന്റെ നടപടി, ചൈനീസ് കമ്പനികളെ കൊണ്ടുചെന്നെത്തിച്ചത്. എന്നാൽ ചൈനീസ് കമ്പനികൾക്കുള്ള ട്രംപിന്റെ വിലക്ക് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടതാണ്.

കച്ചവട സാദ്ധ്യതയാണ് ട്രംപിന് തിരിച്ചടിയാകുക. ലോകത്തിൽ ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്കയാണെങ്കിലും, തൊട്ട് പിന്നിൽ തന്നെ ചൈനയുമുണ്ട്. മാത്രമല്ല, പത്ത് വർഷങ്ങൾക്ക് മുൻപ് ഇറക്കുമതിയുടെ കാര്യത്തിൽ ചൈന അമേരിക്കയുടെ അടുത്ത് പോലും എത്തിയിരുന്നില്ലയെങ്കിൽ, 2018 ചൈനയുടെ ഇറക്കുമതിയിൽ 11% ഉയർച്ചയാണ് ഉണ്ടായത്. അമേരിക്കൻ ഇറക്കുമതി 13% കുറയുകയും ചെയ്തു. ജനസംഖ്യ കൂടുതലാണെന്നത് കൊണ്ടുതന്നെ ചൈനയിലെ ഉപഭോക്താക്കളുടെ എണ്ണവും കൂടുതലാണ്. അമേരിക്കയിലുൾപ്പെടെയുള്ള ലോകത്തിലെ തലമൂത്ത ടെക് കമ്പനികൾ ചൈനയെ എതിർക്കാൻ മടിക്കുക തന്നെ ചെയ്യും. മാത്രമല്ല സങ്കേതിക വിദ്യയിൽ അമേരിക്കയോടൊപ്പം ചൈന എത്തിയാൽ വലിയൊരു ശതമാനം ഉപഭോക്താക്കളെയും അമേരിക്കയ്ക്ക് നഷ്ടമാകും. "ആപ്പിളി"ന്റെ താഴേക്ക് പോക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ചൈനയെ അവഗണിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. തൽക്കാലം വാവെയോട് ജയിക്കാമെങ്കിലും.

മാത്രമല്ല, ആപ്പിൾ ഉൾപ്പെടെയുള്ള മിക്ക അമേരിക്കൻ കമ്പനികളും തങ്ങളുടെ യന്ത്രോപകരണങ്ങൾക്ക് ഇപ്പോഴും ആശ്രയിക്കുന്നത് ചൈനയെയാണ്. 2018ലെ കണക്കനുസരിച്ച് ആപ്പിളിന് 200ൽ പരം ചൈനീസ് വിതരണക്കാരാണ് ഉള്ളത്. അമേരിക്കയിൽ നിന്നും ഉള്ളത് വെറും 37 വിതരണക്കാർ മാത്രം. അമേരിക്കയ്ക്ക് മാത്രമല്ല ചൈന തങ്ങളുടെ അസംസ്‌കൃത വസ്തുക്കൾ നൽകുന്നത്. മറ്റ് രാജ്യങ്ങൾക്ക് കൂടിയാണ്. ഇതിലൂടെ ലോകവിപണിയിൽ ചൈന ചെലുത്തുന്ന സ്വാധീനം മനസിലാക്കാവുന്നതേയുള്ളൂ. ഇത് കൂടാതെ, "ദ ഇക്കണോമിസ്റ്റ്" വാരികയുടെ കണക്കനുസരിച്ച്, ടെക് രംഗത്ത്, അമേരിക്കയിൽ എത്തുന്നതിനേക്കാൾ നിക്ഷേപം ഇപ്പോൾ എത്തുന്നത് ചൈനയിലാണ്. അതുകൊണ്ട് താൽക്കാലമുള്ള യുദ്ധത്തിൽ ജയിക്കാമെങ്കിലും, വരും കാലങ്ങളിൽ, ചൈനയുമായി നയപരമായ സമീപനം സ്വീകരിക്കുന്നതാകും അമേരിക്കയ്ക്കും ട്രംപിനും നല്ലത്.