തിരുവനന്തപുരം: ആറാമിന്ദ്രിയം എന്നു കേട്ടിട്ടില്ലേ. എല്ലാവർക്കുമത് ഫീൽ ചെയ്യാനാവില്ല. ഒരു കാലത്തു നിങ്ങൾക്കുംഅതുണ്ടായേക്കാം. പക്ഷേ, മാദ്ധ്യമ പ്രവർത്തകനായ സജീവ് ഇളമ്പലിന് ആ ആറാമിന്ദ്രിയം അനുഭവിച്ചപ്പോഴുണ്ടായ ചിന്തയിൽ നിന്ന് വിരിഞ്ഞത് 'അരികിൽ' എന്ന മനോഹരമായ ഒരു ഹ്രസ്വചിത്രമായിരുന്നു. സജീവ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുടെ പക്ഷത്ത് നിൽക്കുന്നതാണ്.
ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ബോധവത്കരണം കൂടിയാണ് അഞ്ച് മിനിട്ടും 32 സെക്കൻഡും ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നവർ ബോധപൂർവം അവഗണിക്കുന്ന ഹെൽമറ്റ് എങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്നെന്ന് ചിത്രം ലളിതമായി പറയുന്നുണ്ട്. ഒരു ഉൾക്കിടിലത്തോടെയും ഞെട്ടലോടെയും ആ ചിത്രം അവസാനിക്കുമ്പോൾ നമ്മളിലൊരാളിന്റെ ജീവൻ മടക്കടിക്കറ്റില്ലാത്ത യാത്ര തുടങ്ങിയിട്ടുണ്ടാകും.
ഇതേ ആശയവുമായി മുമ്പ് പല ഹ്രസ്വചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും പ്രമേയത്തിലെ വ്യത്യസ്തതയും അവതരണരീതിയും കൊണ്ട് അരികിൽ വേറിട്ടുനിൽക്കുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരൻ അജിത്ത് തോട്ടയ്ക്കാട്. ഡാനി, സഞ്ചു, അഖിൽ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. കാമറയും എഡിറ്റിംഗും വീഡിയോ ജേർണലിസ്റ്റ് കൂടിയായ രാഗേഷ് .ആർ.ജി നിർവഹിച്ചിരിക്കുന്നു. യൂട്യൂബിൽ റിലിസ് ചെയ്ത ചിത്രത്തിന്റെ ശബ്ദമിശ്രണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് പ്രവീൺ ശ്രീനിവാസനാണ്. ഡിസൈൻ സായ്ഗീത് കിളിമാനൂരും വാർത്താപ്രചാരണം മനോജ് നടേശനുമാണ്.