kuldeep

ന്യൂഡൽഹി: ഉന്നാവോ വാഹനാപകടക്കേസിൽ കുൽദീപ് സെൻഗറിനെ ചോദ്യംചെയ്യാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകി. പരാതിക്കാരിയായ പെൺകുട്ടിയെ വധിക്കാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും റിമാൻഡ് ചെയ്തു. അതേസമയം, കാറപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവോയിലെ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ചികിത്സ ലക്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ തുടരും. ഈ ഘട്ടത്തിൽ ലക്നൗവിൽനിന്ന് മാറ്റേണ്ടതില്ലെന്ന് പെൺകുട്ടിയുടെ കുടുംബം അഭിപ്രായപ്പെട്ടതായി അമിക്കസ് ക്യൂറി വി. ഗിരി ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വീണ്ടും ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ആശുപത്രിമാറ്റം നീട്ടുകയായിരുന്നു.

കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ലക്നൗവിന് പുറത്തേക്ക് ഇരുവരെയും മാറ്റാമെന്ന് കോടതി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അബോധാവസ്ഥയിലുള്ള പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. പരിക്കേറ്റ അഭിഭാഷകനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റുന്നതിൽ പിതാവ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

കോടതി അവധി ദിവസത്തിൽ എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാൽ വി. ഗിരിക്ക് സെക്രട്ടറി ജനറൽ വഴി ജസ്റ്റിസ് ദീപക് ഗുപ്തയെ സമീപിക്കാം. പ്രത്യക്ഷമായോ, പരോക്ഷമായോ പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിംഗിനെ റായ്ബറേലി ജയിലിൽ നിന്ന് സായുധസേനയുടെ സുരക്ഷയോടെ ഉടനേ ഡൽഹി തിഹാർ ജയിലിലേക്ക് മാറ്റാനും ഉത്തരവിട്ടു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ സഹോദരൻ അതുൽ സിംഗ് നൽകിയ കേസിലാണ് മഹേഷ് സിംഗ് റായ്ബറേലി ജയിലിൽ കഴിയുന്നത്. കാറപകടത്തിൽ മഹേഷ് സിംഗിന്റെ ഭാര്യയും മരിച്ചിരുന്നു.പെൺകുട്ടിയുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി സുപ്രീംകോടതി പ്രഖ്യാപിച്ച 25 ലക്ഷം കൈമാറിയതായി ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.

 പെൺകുട്ടിക്ക് കടുത്ത പനി,​ മരുന്നുകളോട് പ്രതികരിക്കുന്നു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവോ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും കഴിഞ്ഞദിവസം ആരംഭിച്ച കടുത്ത പനി ആശങ്കയുണർത്തുന്നതാണെന്നും ലക്‌നൗ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. സന്ദീപ് തിവാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും തിവാരി പറഞ്ഞു. നിലവിലെ അവസ്ഥയിലെ കടുത്ത പനി സ്ഥിതി കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഡോക്ടർമാർക്കുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നത് ആശാവഹമാണ്.