ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുൽദീപ് സിംഗ് സെൻഗാർ എം.എൽ.എയെ ചോദ്യം ചെയ്യാൻ സി.ബി.ഐയ്ക്ക് അനുമതി. നാളെയായിരിക്കും കുൽദീപ് സെൻഗാറിനെ ചോദ്യം ചെയ്യാൻ സാദ്ധ്യത. സീതാപൂർ ജയിലിലെത്തിയാവും എം.എൽ.എയെ സി.ബി.ഐ ചോദ്യം ചെയ്യുക.
എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. വാഹനാപകടത്തിനു പിന്നിൽ കുൽദീപ് സിംഗ് സെൻഗാർ ആണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് സെൻഗാറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.
ഉന്നാവോ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ കേസ് ലക്‌നൗ സി.ബി.ഐ കോടതിയിൽ തന്നെ തുടരും. കേസ് ഡൽഹി കോടതിയിൽ നിന്ന് ലക്‌നൗ കോടതിയിലേക്ക് തന്നെ മാറ്റാൻ സുപ്രീംകോടതി നിര്‍ർദ്ദേശിക്കുകയായിരുന്നു. ഡൽഹി കോടതിയിലേക്ക് ഇപ്പോൾ കേസ് മാറ്റുന്നത് അന്വേഷണത്തെയും പ്രതികളുടെ കസ്റ്റഡിയെയും ബാധിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തിൺ പെൺകുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കുൽദീപ് സിംഗ് സെൻഗാർ ഇപ്പോള്‍ സീതാപ്പൂർ ജയിലിലാണുള്ളത്.