soldiers-at-jammu

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ പടയൊരുക്കത്തിന് സമാനമായ സൈനിക വിന്യാസം നടക്കുന്നതിനിടെ അമർനാഥ് പാതയിൽ ഭീകരരുടെ ആയുധങ്ങൾ കണ്ടെത്തിയതിന്റെ പേരിൽ തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും യാത്ര ഉപേക്ഷിച്ച് ഉടൻ മടങ്ങാൻ അധികൃതർ മുന്നറിയിപ്പ് നൽകിയത് അഭ്യൂഹങ്ങൾ ശക്തമാക്കി. ഈ മാസം 15ന് തീർത്ഥാടനം സമാപിക്കാനിരിക്കെയാണ് നടപടി. ഇക്കൊല്ലത്തെ തീർത്ഥാടനം ഇനി പുനരാരംഭിക്കുമോ എന്ന് സംശയമാണ്.

ഇതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലും ജമ്മുകാശ്‌മീരിലും പഞ്ചാബിലും

അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഏതാനും ദിവസങ്ങളിലായി 38,​000 സൈനികരെയാണ് കാശ്‌മീരിൽ അധികമായി കേന്ദ്രസർക്കാർ വിന്യസിച്ചത്. നിലവിലുള്ള പതിനായിരക്കണക്കിന് സൈനികർക്ക് പുറമേയാണിത്. വ്യോമസേനയ്‌ക്കും കരസേനയ്‌ക്കും ജാഗ്രതാ നിർദ്ദേശവും നൽകി. അസാധാരണമായ സേനാ വിന്യാസത്തിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരിക്കെ,​ മോദി സർക്കാർ ജമ്മുകാശ്‌മീരിന്റെ കാര്യത്തിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനായാണിതെന്ന് കരുതുന്നു. സംസ്ഥാനത്തെ പള്ളികളുടെ കണക്കെടുക്കാൻ നിർദ്ദേശിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂക്ക് അബ്ദുള്ളയും ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അമിതമായ സേനാവിന്യാസത്തിൽ ആശങ്ക അറിയിച്ചിരുന്നു. അതേസമയം ജമ്മുകാശ്‌മീരിന്റെ കാര്യത്തിൽ മോദി ഗവൺമെന്റ് ഒരു 'ഗ്രാൻഡ് ഡിസൈൻ' നടപ്പാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് കരുതുന്നു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നും സംസ്ഥാനത്തെ മൂന്നായി വിഭജിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.

ഇന്നലെ അമർനാഥ് പാതയിൽ കുഴിബോബുകളും അമേരിക്കൻ നിർമ്മിത എം - 24 സ്‌നിപ്പർ റൈഫിളുമാണ് സേന കണ്ടെത്തിയത്. കുഴിബോംബുകളിൽ പാക് സൈനിക ഫാക്ടറിയുടെ മുദ്ര‌യുണ്ട് ഇവയ്‌ക്കൊപ്പം നാടൻ ബോംബുകളും കണ്ടെത്തിയതായി ഡി.ജി.പി ദിൽബാഗ് സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ തീർത്ഥാടകരെ ആക്രമിക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ശരിവയ്‌ക്കുന്നതാണ് ഇത്.

അമർനാഥ് പാത ഉൾപ്പെട്ട മേഖലയിൽ മഴയും മഞ്ഞിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കാരണം നാളെ വരെ തീർത്ഥാടനം നേരത്തേ റദ്ദാക്കിയിരുന്നു. തിങ്കളാഴ്‌ചയോടെ യാത്ര പുറപ്പെടാമെന്ന പ്രതീക്ഷയിൽ താഴ്‌വരയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് തങ്ങിയിരുന്നത്. അതിനിടയ്‌ക്കാണ് ഭീകരപദ്ധതിയുടെ പേരിൽ തീർത്ഥാടകരും വിനോദയാത്രികരും അടിയന്തരമായി സംസ്ഥാനം വിടാൻ ഉത്തരവിട്ടത്.

അഭ്യൂഹങ്ങൾ ഇങ്ങനെ

1. ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്‌മീരിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിമാർ ഡൽഹിയിൽ ചുവപ്പുകോട്ടയിൽ പതാക ഉയർത്തുന്നതാണ് കീഴ്‌വഴക്കം.

2. ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 35 എ,​ 370 വകുപ്പുകൾ റദ്ദാക്കും. ഇത് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനമാണ്.

3.ജമ്മുകാശ്‌മീരിനെ മൂന്നായി വിഭജിക്കും - ഹിന്ദുക്കൾക്കായി ജമ്മു,​ മുസ്ലിങ്ങൾക്കായി ശ്രീനഗർ സംസ്ഥാനങ്ങളും ബുദ്ധമതക്കാർക്കായി കേന്ദ്രഭരണ പ്രദേശ പദവിയോടെ ലഡാക്കും

4.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്തിന്റെ അതിർത്തി പുനർനിർണയിക്കും