trump

വാഷിംഗ്ടൺ: കാശ്മീർ പ്രശ്നം സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ,​ ഇരുരാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രി ഇമ്രാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയും ട്രംപ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. എന്നാൽ,​ കാശ്മീർ പ്രശ്നത്തിൽ മൂന്നാമതൊരാളുടെ ആവശ്യമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതേസമയം,​ ട്രംപിന്റെ ഇടപെടലിനോട് പാകിസ്ഥാൻ അനുകൂലമായാണ് പ്രതികരിച്ചത്.

മദ്ധ്യസ്ഥതയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നരേന്ദ്ര മോദിയാണ്. ഇമ്രാനും മോദിയും വളരെ നല്ല ആളുകളാണ്. അവർക്ക് ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയും. എന്നാൽ ആരെങ്കിലും ഇടപെടേണ്ട കാര്യമുണ്ടെങ്കിൽ സഹായിക്കാൻ ഞാൻ തയ്യാറാണ്. അക്കാര്യം ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്. കാശ്മീർ പ്രശ്നം വളരെ നാളുകളായി നിലനിൽക്കുന്ന ഒന്നാണ്. "- ട്രംപ് പറഞ്ഞു. മദ്ധ്യസ്ഥ ചർച്ചയോട് ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇമ്രാൻഖാന്റെ യു.എസ് സന്ദർശനത്തിനിടെ കാശ്മീർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ഇമ്രാൻ ഉന്നയിച്ചിരുന്നു. അപ്പോൾ, ജൂണിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതായി ട്രംപ് പറഞ്ഞു. എന്നാൽ, പിന്നീട് കാശ്മീർ പ്രശ്നം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വിഷയമാണെന്ന് ചൂണ്ടിക്കാട്ടി, യു.എസ് ഭരണകൂടം രംഗത്തെത്തിയിരുന്നു. മാത്രമല്ല, യു.എസിന്റെ സഹായം ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് ഇന്ത്യയും തള്ളിയിരുന്നു. ''പാകിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തിൽ മൂന്നാംകക്ഷി മദ്ധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണു ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്"- എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയത്.