കൊച്ചി: സംസ്ഥാനത്തെ ആറു നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് വലിയ സാദ്ധ്യതകളാണ് ഉള്ളതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പ്രഥമ സമ്മേളനവും വ്യാപാർ കേരള ശില്‌പശാലയും കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫോസിൽ ഇന്ധന ഉപയോഗത്തെ കുറിച്ച് രാജ്യം പുനരാലോചന നടത്തുകയാണ്. അവയുടെ ലഭ്യതക്കുറവ് മാത്രമല്ല, അന്തരീക്ഷ മലിനീകരണവുമാണ് കാരണം. ഇ-മൊബിലിറ്റി നയം കേരളം രൂപീകരിച്ചത് ഈ സാഹചര്യത്തിലാണ്. ഇ-വാഹനങ്ങൾക്ക് ഇപ്പോൾ ജി.എസ്.ടി ഇളവുമുണ്ട്. മാറ്റങ്ങൾക്കായി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനും (ഫാഡ) കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനും (കാഡ) മുൻകൈ എടുക്കണം. ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് അഞ്ച് മുതൽ 31വരെ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫാഡ പ്രസിഡന്റ് അഭിലാഷ് ഹർഷ്‌രാജ് ഖാലെ അദ്ധ്യക്ഷത വഹിച്ചു. കേരള ചാപ്‌റ്റർ ചെയർമാൻ സാബു ജോണി, റീജിയണൽ ഡയറക്‌ടർ മനോജ് കുറുപ്പ്, മുൻ പ്രസിഡന്റ് ജോൺ കെ. പോൾ എന്നിവർ സംസാരിച്ചു. കേന്ദ്ര വാഹൻ പദ്ധതി, ജി.എസ്.ടി., വാഹന നയങ്ങൾ, നൂതന പദ്ധതികൾ, മേഖല നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ ആസ്‌പദമാക്കിയായിരുന്നു വ്യാപാർ കേരള ശില്‌പശാല. അഭിലാഷ് ഹർഷ്‌രാജ് ഖാലെ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ പങ്കെടുത്തു.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) ടെക്‌നിക്കൽ ഡയറക്‌ടർ സഞ്ജയ് മെൻഡിരറ്റ, എൻ.ഐ.സി തിരുവനന്തപുരം സീനിയർ ടെക്‌നിക്കൽ ഡയറക്‌ടർ അസിർ എഡ്വിൻ, ഫാഡ കേരള റീജിയണൽ ഡയറക്‌ടർ സന്തോഷ് എസ്. വൽസലം, മാർക്കറ്റിംഗ് ബ്രേക്ക്ത്രൂസ് ഹാപ്പൻ ഫൗണ്ടർ പൊരൂസ് മുൻഷി, ഡ്രൂം ടെക്‌നോളജി സീനിയർ ഡയറക്‌ടർ വിവേക് തനേജ, ബേബി മറൈൻ സീഫുഡ് റീട്ടെയിൽ മാനേജിംഗ് ഡയറക്‌ടർ അലക്‌സ് കെ. തോമസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സംസ്‌ഥാനത്ത് ഒരുലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന മേഖലയാണ് ഓട്ടോമൊബൈൽ രംഗമെന്ന് ഫാഡ കേരളഘടകം ചെയർമാനും ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടറുമായ സാബു ജോണി പറഞ്ഞു. നികുതിയിനത്തിൽ സംസ്‌ഥാന ഖനനാവിലേക്ക് ഈ മേഖല 3,500 കോടി രൂപയാണ് നൽകുന്നത്. സംസ്‌ഥാന ഖജനാവിലേക്ക് വാഹനവിലയുടെ 25 ശതമാനം വരെയും നേരിട്ടെത്തിക്കുന്ന മേഖലയുടെ പ്രവർത്തനം തികച്ചും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.