ന്യൂഡൽഹി: അയോദ്ധ്യ കേസിൽ അന്തിമവാദം കേൾക്കാനുള്ള സുപ്രിംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ആർ.എസ്.എസ്. അയോദ്ധ്യ ഭൂമിതർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേസിൽ ചൊവ്വാഴ്ച മുതൽ വാദം കേൾക്കാൻ സുപ്രിംകോടതി തീരുമാനിച്ചത്. വർഷങ്ങളായി നീണ്ടുപോകുന്ന കേസ് ഇനിയും കാലതാമസം വരാതെ ഒത്തുതീർപ്പാകുമെന്നും രാമക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആർ.എസ്.എസ് പറഞ്ഞു.
ദിവസേന എന്ന രീതിയിലായിരിക്കും ഭരണഘടനാ ബഞ്ച് വാദം കേൾക്കുക. അഞ്ചംഗ ബഞ്ചാണ് തീരുമാനത്തിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.
വിഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മദ്ധ്യസ്ഥത സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുദ്ര വച്ച കവറിലാണ് മദ്ധ്യസ്ഥ സമിതി റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചത്. സമിതി 155 ദിവസം ചർച്ച നടത്തിയെന്നും കക്ഷികൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ചർച്ചകൾക്കായില്ലെന്നും മദ്ധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.