സിങ്കപ്പൂർ: ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകളിലാണ് ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കൻ ജിയോളജിക്കൽ സർവ്വേയുടെ റിപ്പോർട്ട് പ്രകാരം ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ്. പ്രധാന നഗരമായ തെലുക് ബെതുംഗിൽ നിന്ന് 227 കിലോമീറ്റർ അകലെയാണിത്.
ബാന്റൺ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടൻ താമസം മാറാൻ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.എന്നാൽ അതിശക്തമായ ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വരെ അനുഭവപ്പെട്ടു.