ദുബായ്: നടുറോട്ടിൽ ഷോ കാണിക്കാൻ പണം വലിച്ചെറിഞ്ഞ യുവാവിലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പണം വലിച്ചെറിയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെയാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർശിക്കാനും കൂടുതൽ ആളുകളെ ലഭിക്കാനുമാണ് യുവാവ് ഇത്തരമൊരു പ്രവർത്തി ചെയ്തത്. 30 വയസ്സ് പ്രായമുള്ള ഏഷ്യക്കാരൻ യു.എ.ഇ ദിർഹം തെരുവിൽ എറിയുന്ന വീഡിയോ വെെറലായിരുന്നു. ഇതിനെ തുടർന്ന് സംഭവം സൈബർ ക്രൈം ഡിപാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‍സിനെ കൂട്ടുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ നടപടി സംസ്ക്കാര ശൂന്യവും അനുചിതവുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജ്യത്തിന്റെ സംസ്ക്കാരവും നിയമങ്ങളും പിന്തുടരണം. എന്തെങ്കിലും തെറ്റായ പ്രവർത്തി ചെയ്യുമ്പോൾ യു.എ.ഇ സൈബർ നിയമം വച്ചുള്ള തുടർ നടപടികളും അഭിമുഖീകരിക്കേണ്ടി വരുമെന്നും കേണൽ അൽ ഖാസിം പറഞ്ഞു.
രാജ്യത്തിന്റെ സൽപേരിന് കളങ്കം സംഭവിക്കുന്ന രീതിയിൽ അഭ്യൂഹങ്ങൾ, വാർത്തകൾ, പരിഹാസങ്ങൾ എന്നിവയൊന്നും പാടില്ല. ഇവയ്ക്കൊപ്പം രാജ്യത്തിന്റെ കീർത്തിക്ക് മോശം വരുന്ന രീതിയിലുള്ള പ്രവർത്തികളും സൈബർ ക്രൈം നിയമത്തിലെ 29–ാം ആർട്ടിക്കിൾ പ്രകാരം ശിക്ഷ അനുഭവിക്കുന്ന കുറ്റമാണെന്നും കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. ജയിൽ ശിക്ഷയും 10 ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് യുവാവ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.