india

ഇന്ത്യ - വെസ്റ്രിൻഡീസ് ആദ്യ ട്വന്റി-20 ഇന്ന്

ലൗഡർഹിൽ (യു.എസ്.എ)​: ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് ശേഷം ഇന്ത്യ ആദ്യമായി കളത്തിലേക്ക്. വെസ്റ്രിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് യു.എസ്.എയിലെ ലൗഡർഹില്ലിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.

ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവിയും ടീമിൽ അന്തഛിദ്രങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും ഉയരുന്ന പശ്ചാത്തലത്തിൽ ഏറെ കലുഷിതമായ സാഹചര്യത്തിൽ നിന്ന് വിജയത്തിലൂടെയൊരു തിരിച്ചുവരവാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.

രോഹിതില്ലാത്ത സ്‌ക്വാഡ്

രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും തമ്മിൽ അത്ര രസത്തിലല്ലെന്നും ഇത് മറ്ര് ടീമംഗങ്ങളിലേക്കും പടർന്നുവെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിൻഡീസ് പര്യടനത്തിന് യാത്രതിരിക്കുന്നതിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തിൽ അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കൊഹ്‌ലി വ്യക്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കൊഹ്‌ലി തന്റെ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിൽ സ്‌ക്വാഡ് എന്ന ക്യാപ്ഷനിൽ പോസ്റ്ര് ചെയ്ത ചിത്രത്തിൽ രോഹിത് ഇല്ലാതിരുന്നത് വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചു.

രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, ഖലീൽ അഹമ്മദ്, ശ്രേയസ് അയ്യർ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കെ.എൽ. രാഹുൽ എന്നിവർക്കൊപ്പം താൻ നിൽക്കുന്ന പടമാണ് സ്‌ക്വാഡ് എന്ന ക്യാപ്ഷനിൽ വിരാട് ട്വീറ്ര് ചെയ്തത്. എന്നാൽ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ എവിടെയെന്ന ചോദ്യമായി നിരവധി ആരാധകർ പടത്തിന് താഴെ കമന്റിട്ടു. എന്നാൽ ഇതിന് മറുപടി നൽകാൻ കൊഹ്‌ലി തയ്യാറായിട്ടില്ല.

ശാസ്ത്രിയുടെ വിധി

പുതിയ പരിശീലകനെ ബി.സി.സി.ഐ തേടുന്ന സാഹചര്യത്തിൽ രവി ശാസ്ത്രിയ്ക്കും പരമ്പര നിർണായകമാണ്. കഴിഞ്ഞ ലോകകപ്പ് വരെയായിരുന്നു രവിശാസ്‌ത്രിയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാൽ വിൻഡീസ് പരമ്പരയ്ക്ക് കൂടി ശാസ്ത്രി തുടരട്ടെയെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

ക​പി​ൽ​ദേ​വ്,​ ​അം​ഷു​മാ​ൻ​ ​ഗേ​യ്ക്ക്‌വാ​ദ്,​ ​ശാ​ന്താ​രം​ഗ​സ്വാ​മി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സ​മി​തിയെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രവി ശാസ്ത്രിയെ ഒപ്പമിരുത്തിക്കൊണ്ട് പത്രസമ്മേളനം നടത്തിയ കൊഹ്‌ലി രവി ഭായിക്ക് ടീമിൽ എല്ലാവരുമായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം തുടരുന്നത് നല്ലതായിരിക്കുമെന്ന രീതിയിൽ പ്രസ്താവന നടത്തിയിരുന്നു.

​കൊഹ്‌ലിയുടെ ഈ നീക്കം ഫലം കണ്ടെന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബി.​സി.​സി.​ഐയും​ ​മു​ഖ്യ​പ​രി​ശീ​ല​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​ര​വി ​ശാ​സ്ത്രി​ ​തു​ട​ര​ട്ടേയെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​റി​യു​ന്നു. കുംബ്ലെയ്ക്ക് പകരം ശാസ്ത്രിയെ പ്രധാന പരിശീലകനായി കൊണ്ടുവന്നതും കൊഹ്‌ലി ഇടപെട്ടാണെന്നതും പരസ്യമായ രഹസ്യമാണ്.

ധോണിയുടെ പിന്മാറ്റം

ലോകകപ്പിന് ശേഷം ധോണിയുടെ പിന്മാറ്റത്തെച്ചൊല്ലിയും വാർത്തകൾ ഉയർന്നെങ്കിലും അദ്ദേഹം രണ്ട് മാസം ക്രിക്കറ്റിന് അവധി നൽകി സൈനിക സേവനത്തിന് പോയതോടെ അത്തരം അഭ്യൂഹങ്ങൾക്ക് താത്കാലിക ശമനമാവുകയായിരുന്നു.

റസലില്ല

സൂപ്പർ താരം ആന്ദ്രേ റസലിന്റെ സേവനം വെസ്റ്രിൻഡീസിന് ആദ്യ രണ്ട് ട്വന്റി-20യിലും ലഭിക്കില്ലെന്ന് ഉറപ്പായി. നേരത്തേ 14 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനാൽ റസലിനെ ഒഴിവാക്കുകയായിരുന്നു. റസലിന് പകരം ജാസൻ മൊഹമ്മദ് ടീമിലിടം നേടി. ഇടത്തേ കാൽമുട്ടിലെ പരിക്കിനെ തുടർന്ന് കഴിഞ്ഞ ലോകകപ്പിനിടെ റസൽ പിന്മാറിയിരുന്നു. കാനഡയിൽ ഗ്ലോബൽ ടി -20 ടൂർണമെന്റിൽ കളത്തിലിറങ്ങിയതോടെ റസലിന്റെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു.

ജയിക്കാൻ ഇന്ത്യ

വിജയത്തിലൂടെ ടീമിനെതിരെ ഉയരുന്ന വാർത്തകൾക്കെല്ലാം മറുപടി പറയാനാണ് കൊഹ്‌ലിയും സംഘവും ഒരുങ്ങുന്നത്. ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹാൽ എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ചില പുതുമുഖങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരം കൂടിയാണിത്. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ദീപക് ചഹർ, നവദീപ് സെയ്നി, ഖലീൽ അഹമ്മദ് എന്നിവരെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ്. പരിക്കിൽ നിന്ന് മോചിതനായ ശിഖർ ധവാൻ ഇന്ന് രോഹിതിനൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ധോണിയുടെ അഭാവത്തിൽ പന്ത് വിക്കറ്റ് കീപ്പറുമാകും. പന്തിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ വിൻഡീസ് പര്യടനം.

സാധ്യതാ ടീം: രോഹിത്, ധവാൻ, കൊഹ്‌ലി, രാഹുൽ, മനീഷ്/ശ്രേയസ്, പന്ത്, ജഡേജ, ദീപക് ചഹർ/സയിനി, ഭുവനേശ്വർ, ഖലീൽ, രാഹുൽ ചഹർ.

വീറോടെ വിൻഡീസ്

ലോകകപ്പിലെ മോശം പ്രകടനത്തിൽ നിന്ന് തിരിച്ചുവരവിന് ശ്രമിക്കുന്ന വിൻഡീസ് നിരയിൽ കീറോൺ പൊള്ളാഡിനെയും സുനിൽ നരെയ്നെയും കീമോ പോളിനെയും പോലുള്ള പഴയ പടക്കുതിരകളുണ്ട്. ഗെയ്ലിന്റെയും റസലിന്റെയും അഭാവത്തിലും പൂരനും ലൂയിസുമെല്ലം ഫോമിലേക്കുയർന്നാൽ വിൻഡീസിനെ പടിച്ചാൽ കിട്ടില്ല.

സാധ്യതാ ടീം: കാംപ്‌ബെൽ, ലൂയിസ്, പൂരൻ, ഹെറ്റ്മേയർ, പൊള്ളാഡ്, പവൽ, ബ്രാത്ത്‌വെയ്റ്ര്, നരെയ്ൻ, കോട്ട്രൽ, പിയർ, പോൾ/തോമസ്.