breast-feeding

ജയ്‌പൂർ: വിശന്നു കരഞ്ഞ കൈക്കുഞ്ഞിനെ മുലയൂട്ടണമെന്ന് അമ്മ പരീക്ഷയ്ക്കിടെ ആവശ്യപ്പെട്ടിട്ടും അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ജയ്‌പൂരിലെ എസ്.എസ് ജെയിൻ സുബോധ് പി.ജി മഹിള മഹാവിദ്യാലയത്തിൽ ഹിസ്റ്ററി വിഷയത്തിൽ സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയ 23കാരിയായ നിർമ്മല കുമാരി എന്ന അമ്മയ്ക്കും അവരുടെ എട്ട് മാസം പ്രായമായ കുഞ്ഞിനുമാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിൽ നിർമ്മല കുമാരിയുടെ ഭർത്താവ് കുളു രാം ബൈരവയാണ് പരാതി നൽകിയത്. നിർമ്മലകുമാരി പരീക്ഷയെഴുതുന്ന സമയത്ത് സ്കൂളിന് പുറത്ത് കാത്തിരിക്കുകയായിരുന്നു ഭർത്താവും എട്ട് മാസം പ്രായമായ കുഞ്ഞും. ഇതിനിടെ കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങി. തന്നെ അകത്തേക്ക് വിടണമെന്ന് ഇയാൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

സ്കൂളിനകത്തേക്ക് പ്രവേശിച്ച ശേഷം അവിടെയുണ്ടായിരുന്ന ഒരു മുതിർന്ന സ്ത്രീയോട് കരയുന്ന കുഞ്ഞിനെ അമ്മയുടെ അടുത്ത് പാലൂട്ടാൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ ഇത് അനുവദിച്ചില്ലെന്നാണ് ആരോപണം. ഇവിടെയുണ്ടായിരുന്ന മറ്റൊരു അദ്ധ്യാപികയോടും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചെങ്കിലും ആദ്യം അനുമതി നിഷേധിച്ചത് മുതിർന്ന അദ്ധ്യാപികയായതിനാൽ തനിക്കൊന്നും ചെയ്യാനാവില്ലെന്ന് അവർ മറുപടി നൽകി.

ഇതോടെ സ്കൂളിന് പുറത്തേക്ക് പോയ ഇദ്ദേഹം പരീക്ഷ തീരുന്നത് വരെ വിശന്ന് കരഞ്ഞ കുഞ്ഞുമായി കാത്തിരുന്നു.

നിയമം അനുശാസിക്കുന്നത് പ്രകാരം മാത്രമേ ഇത്തരം ഘട്ടങ്ങളിൽ തങ്ങൾക്ക് പ്രവർത്തിക്കാനാവൂ എന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ പ്രമീള ജോഷി പിന്നീട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പരീക്ഷയെഴുതുമ്പോൾ വിദ്യാർത്ഥിനിക്ക് ആരെയും കാണാൻ അനുവാദമില്ലെന്നും ഇത് പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നുമാണ് ഇവർ പറഞ്ഞത്.