muslim-anchor

ന്യൂഡൽഹി: മുസ്ലിം പേരുള്ള അവതാരകനെ കാണാതിരിക്കാൻ ചാനൽ ചർച്ചയിൽ കൈകൾ കൊണ്ട് കണ്ണുകൾ മറച്ച്‌ ഹം ഹിന്ദു സംഘടനയുടെ സ്ഥാപകൻ. വലതുപക്ഷ ഹിന്ദു സംഘടനയായ ഹം ഹിന്ദുവിന്റെ സ്ഥാപകൻ അജയ് ഗൗതമാണ് ലൈവ് ടി.വി പരിപാടിക്കിടെ ചാനൽ അവതാരകന്റെ പേര് ഖാലിദ് ആണെന്നറിഞ്ഞതോടെ കണ്ണുകൾ മറച്ചതെന്ന് ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. സൊമാറ്റോ ഉപഭോക്താവ് അഹിന്ദുവായ ജീവനക്കാരനിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ്‌ ഈ വാർത്തയും പുറത്ത് വന്നിരിക്കുന്നത്. സൊമാറ്റോ വിഷയം ചർച്ച ചെയ്യുന്നതിനായാണ് ന്യൂസ് 24 എന്ന ചാനൽ അജയ് ഗൗതമിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത്. എന്നാൽ അവതാരകന് നേരെ നോക്കാൻ പോലും ഇയാൾ തയ്യാറായില്ല. ഇതോടെ ഭാവിയിൽ ഒരു ചാനൽ ചർച്ചകൾക്കും അജയ് ഗൗതമിനെ വിളിക്കേണ്ടെന്ന് ന്യൂസ് 24 തീരുമാനിച്ചതായി ചാനൽമേധാവി അനുരാധ പ്രസാദ് അറിയിച്ചു. 2015-ൽ സ്ഥാപിതമായ ഹം ഹിന്ദു എന്ന സംഘടന പൂർണ സ്വാതന്ത്ര്യത്തിനും സമ്പൂർണ ഹിന്ദു രാഷ്ട്രത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത്. ഇയാൾ കണ്ണുകൾ മറയ്ക്കുന്ന വീഡിയോദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.