ലക്‌നൗ : ചൂതുകളിയിൽ പണം മുഴുവൻ നഷ്ടപ്പെട്ടത് ഭർത്താവിന് പണയം വയ്ക്കാൻ അവസാനമായി ഉണ്ടായിരുന്നത് സ്വന്തം ഭാര്യയെ. വീണ്ടും തോറ്റതോടെ ഭർത്താവ് സുഹൃത്തുക്കൾക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അനുമതിയും നൽകി.
ഉത്തര്‍പ്രദേശിലെ ജൗൻപൂരിലാണ് സംഭവം. സംഭവത്തെപ്പറ്റി യുവതി പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജാഫർബാദ് പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു.
ചൂതാട്ടത്തിന് പുറമെ മദ്യപാനത്തിനും അടിമയാണ് യുവതിയുടെ ഭർത്താവ്. ഭർത്താവിന്റെ സുഹൃത്തായ അരുണും ഇയാളുടെ ബന്ധു അനിലും യുവതിയുടെ വീട്ടിൽ മദ്യപിക്കാനും ചൂതുകളിക്കാനും വരുന്നത് പതിവാക്കിയവരാണ്. ജൂലായ് അവസാനം ഇവരുമൊത്ത് ചൂതുകളിക്കുന്നതിനിടെയാണ് ഭർത്താവ് യുവതിയെ പണയം വച്ചത്. യുവാവ് പരാജയപ്പെട്ടതോടെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനുശേഷം യുവതി അമ്മാവന്റെ വീട്ടിലേക്ക് പോയി. എന്നാൽ അവിടെയെത്തിയ ഭർത്താവ് ക്ഷമചോദിക്കുകയും തനിക്ക് തെറ്റുപറ്റിയെന്ന് യുവതിയോട് പറയുകയും ചെയ്തു. ഇതോടെ യുവതി ഭർത്താവിന്റെ കാറില്‍ കയറി തിരികെ വീട്ടിലേക്കുപോയി. എന്നാൽ വഴിയിൽവച്ച് ഭര്‍ത്താവ് കാർ നിറുത്തി വീണ്ടും ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് വീണ്ടും അവസരം നല്‍കി. ഇതേത്തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെയും പിന്നീട് കോടതിയേയും സമീപിച്ചത്.