drug-

കോഴിക്കോട് : കഞ്ചാവിനെക്കാൾ വിലയുള്ള ലഹരിഗുളികകൾക്ക് പണം കണ്ടെത്താൻ ലൈംഗികത്തൊഴിൽ വരെ ചെയ്യുന്ന വിദ്യാർത്ഥികളുണ്ടെന്ന് വെളിപ്പെടുത്തൽ. ലഹരിക്കടിമയായി മയക്കുമരുന്ന്‌ വാങ്ങാനുള്ള പണം കണ്ടെത്താനായാണ് സ്വന്തംശരീരം വരെ വിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാകുന്നതെന്ന് എക്സൈസ് വകുപ്പ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കോഴിക്കോട് നഗരത്തിൽമാത്രം നൂറോളം ആൺകുട്ടികൾ ഇത്തരത്തിൽ ലൈംഗികത്തൊഴിൽ ചെയ്യുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് പറയുന്നു. സ്കൂളുകളിൽ പഠിക്കുന്ന പതിനെട്ടിന് താഴെ പ്രായക്കാരായ കുട്ടികളാണ് ഇവർ.

ലഹരിഗുളികകൾക്ക് അടിമപ്പെടുന്ന കുട്ടികൾ വലിയതുക എളുപ്പത്തിൽ കണ്ടെത്താനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. കുറച്ചുമുമ്പുവരെ മയക്കുമരുന്ന്‌ വാങ്ങാൻ കുട്ടികൾ മോഷണത്തിലേക്കും ചെറുകിട കഞ്ചാവ് വില്പനയിലേക്കും കടന്നിരുന്നു. ഇതുമാറിയാണ് ഇപ്പോൾ വലിയൊരുശതമാനം ലൈംഗികത്തൊഴിലാളികളാവുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഒരാളിൽനിന്ന് 1000 രൂപ വരെ ഇവർ ഈടാക്കുന്നു. ആവശ്യക്കാരെ ഇവർതന്നെ കണ്ടുപിടിക്കും. ഏജന്റുമാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

സ്വവർഗരതിക്കാരുടെ കേന്ദ്രങ്ങളിലെത്തി കുട്ടികൾ അവരെ കണ്ടുമനസിലാക്കും. കൂട്ടുകാരല്ലാത്തവർക്കൊപ്പം യാത്രപോയും ഇവർ താത്പര്യമുള്ളവരെ കണ്ടെത്തും. പലപ്പോഴും കുട്ടികൾതന്നെ ഇതിന്റെ കണ്ണികളാവുകയും ചെയ്യും. ഇത്തരത്തിൽ സമീപിക്കുന്നവരെ പിന്നീട് ബ്ലാക്ക്മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും കുട്ടികൾ പണം തട്ടുന്നുണ്ട്.

കൽക്കണ്ടമെന്നറിയപ്പെടുന്ന ക്രിസ്റ്റൽ മെറ്റൽ എം.ഡി.എം.എച്ച് (മെതാഫെറ്റാമൈൻ) ആണ് കോളേജ് വിദ്യാർഥികളടക്കമുള്ളവരെ ആകർഷിക്കുന്നത്. ഉപയോഗിച്ചാൽ കുറേദിവസംവരെ ഇതിന്റെ ലഹരി കിട്ടും. ഡി.ജെ. പാർട്ടികളിലാണ് ഇതുകൂടുതൽ ഉപയോഗിക്കുന്നത്. മാനസികപ്രശ്നമുള്ളവർക്ക് കൊടുക്കുന്ന ഗുളികകളും കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടേതിന് സമാനമായ രീതിയിൽ കുറിപ്പടി എഴുതിയാണ് കുട്ടികൾ മെഡിക്കൽ സ്റ്റോറിൽനിന്ന് ഇവ വാങ്ങുന്നത്.

സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായുള്ള കൗൺസലിങ്ങിനിടെയാണ് ലഹരിക്ക് പണം കണ്ടെത്താൻ ഇത്തരം മാർഗങ്ങൾ കുട്ടികൾ സ്വീകരിക്കുന്നതെന്ന് മനസിലായതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നു. മനസ്സിലായത്. കൗൺസലിംഗ് നൽകി പലരേയും തിരിച്ചുകൊണ്ടുവന്നു. കൂടുതൽ വിദ്യാർഥികളിലേക്ക് കൗൺസലിങ് എത്തുന്ന തരത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായും എക്സൈസ് അധികൃതർ പറയുന്നു.