ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് മോഹൻലാലാണ് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ട്രെയിലർ റിലീസ് ചെയ്തത്. ഇതിനോടൊപ്പം തന്നെ ഒരേ സമയം 29 പ്രമുഖ ചലച്ചിത്രതാരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ട്രെയിലർ റിലീസ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, വിജയ് സേതുപതി, ദിലീപ്, ജയറാം, പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ, വിനായകൻ, സൗബിൻ, ജയസൂര്യ, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ, ആന്റണി വർഗീസ്, വിനയ് ഫോർട്ട്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യർ, മിയ, ഹണി റോസ്, നിമിഷ സജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ റിലീസ് ചെയ്തത്.
ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദും എത്തുന്നു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിൽ തരംഗമാവുകയാണ്.
റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.