ബീഹാറിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായ ജിത്‍വാർപൂർ ഗ്രാമത്തിൽ നിന്നുള്ള രവീഷ് കുമാർ എൻ.ഡി.ടി.വിയിലെത്തുന്നത് 1996-ലാണ്. തുടക്കത്തിൽ ഫീൽഡ് റിപ്പോർട്ടറായി ഉത്തരേന്ത്യയൊട്ടാകെ രവീഷ് സഞ്ചരിച്ചു. എൻ.ഡി.ടി.വി ഹിന്ദി എന്ന പ്രത്യേക ചാനൽ എൻ.ഡി.ടി.വി നെറ്റ്‍വർക്ക് തുടങ്ങിയപ്പോൾ ദിവസം തോറുമുള്ള വാർത്താ ചർച്ചയുടെ ചുമതല രവീഷ് കുമാറിനായിരുന്നു. 'പ്രൈം ടൈം" എന്ന ആ ഷോ, ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദി പ്രേക്ഷകർക്ക് സുപരിചിതമായി. ദൂരദർശന്റെ വികാരരഹിതമായ വാർത്താ ചർച്ചകൾക്കും, മറ്റ് ചില സ്വകാര്യ വാർത്താ ചാനലുകളുടെ ബഹളങ്ങൾക്കുമിടയിൽ, കൃത്യ നിലപാടോടെ, സമചിത്തതയോടെ വഴിമാറി നടന്ന പരിപാടിയായിരുന്നു രവീഷ് കുമാറിന്റെ ''പ്രൈം ടൈം''. ജെ.എൻ.യു സമരകാലത്ത് വ്യാജവാർത്തകളും വർഗീയതയും ഭിന്നിപ്പും നിറഞ്ഞുനിന്ന ടെലിവിഷൻ പരിസരങ്ങളെക്കുറിച്ച് ഒരു മണിക്കൂർ പ്രൈം ടൈമിൽ ഇരുട്ടിൽ നിന്ന് സംസാരിച്ചായിരുന്നു രവീഷ് കുമാർ പ്രതിഷേധിച്ചത്. ഇന്നത്തെ മാദ്ധ്യമപ്രവർത്തനത്തോടുള്ള സ്വയം വിമർശനമായാണ് അത് വിലയിരുത്തപ്പെട്ടത്.
മഗ്സാസെ അഥവാ ഏഷ്യയുടെ നോബൽ
ഏഷ്യയുടെ നോബൽ പുരസ്‌കാരം എന്നറിയപ്പെടുന്ന രമൺ മഗ്‌സാസെ പുരസ്‌കാരം 1957 മുതലാണ് നൽകിവരുന്നത്. ഫിലിപ്പൈൻ പ്രസിഡന്റായിരുന്ന രമൺ മഗ്‌സാസെയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്. ആചാര്യ വിനോബാ ഭാവെ, മദർ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരാണ് മുമ്പ് മഗ്‌സാസെ പുരസ്‌കാരത്തിന് അർഹരായ ഇന്ത്യക്കാർ.