മുംബയിൽ: മുംബയ്‌യിൽ പിറന്നാൾ ദിനത്തിൽ പത്തൊമ്പതുകാരി സുഹൃത്തുക്കളിൽ നിന്ന് നേരിട്ടത് കൂട്ടപീഡനം. മുംബയ് ചൂനാബട്ടിയിൽ ജൂലായ് ഏഴിനാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തുക്കളായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഔറംഗാബാദ് സ്വദേശിയായ യുവതിയെ പിറന്നാൾ ആഘോഷിക്കാനായി സുഹൃത്തുക്കൾ മുബയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് രാത്രിയോടെ നാലു ആൺസുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം.
അവശയായ പെൺകുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. മാതാപിതാക്കളോട് പോലും നടന്ന സംഭവം മറച്ചു വച്ച പെൺകുട്ടി അടിവയറ്റിലെ വേദനയെ തുടർന്ന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ പരിക്കുകൾ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.
ജൂലായ് മുപ്പതിന് പെൺകുട്ടിയുടെ അച്ഛൻ ബെഗുംപുറ പൊലീസിന് ആശുപത്രി രേഖകൾക്കൊപ്പം സമർപ്പിച്ച പരാതിയെ അടിസ്ഥാനമാക്കിയാണ് പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പ്രതികളായ പെൺകുട്ടിയുടെ നാലു ആൺസുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കൂട്ടബലാത്സംഗം നടന്നുവെന്നു പറയപ്പെടുന്ന മുംബയിലെ താമസസ്ഥലത്ത് പെൺകുട്ടിയുടെ സഹോദരൻ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും പൊലീസ് പറയുന്നുണ്ട്. ഇതേ സമയം സാരമായി പരിക്കുകൾ ഉള്ള പെൺകുട്ടിയോട് ചികിത്സയിൽ തുടരാനാണ് ഔറംഗാബാദിലെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.