തിരുവനന്തപുരം: ഗോകുലം എഫ്.സിയുടെ മുൻ പരിശീലകനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ ബിനോ ജോർജിനെ സന്തോഷ് ട്രോഫി ടൂർണമെന്റിന് മുന്നോടിയായി കേരള ഫുട്ബാൾ ടീമിന്റെ പരിശീലകനായി നിയമിച്ചു. സെപ്തംബറിൽ നടക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ ബിനോ ജോർജാകും ടീമിനെ ഒരുക്കുകയെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ബിനോ ജോർജിനൊപ്പം അസിസ്റ്റന്റ് പരിശീലകനായി ടി.ജി പുരുഷോത്തമനെയും നിയമിച്ചിട്ടുണ്ട്.
അവസാന മൂന്നു സീസണുകളിലായി ഗോകുലം കേരള എഫ്.സിയുടെ പരിശീലകനായിരുന്ന ബിനോ കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്. ഗോകുലത്തിന്റെ ടെക്നിക്കൽ ഡയറക്ടരായിരുന്നു നിലവിൽ. ഗോകുലം പോലെ ഒരു ചെറിയ സംഘത്തെ വമ്പൻമാരെ അട്ടിമറിക്കുന്ന ടീമാക്കി മാറ്രാൻ ബിനോ ജോർജിന് കഴിഞ്ഞു. 2017-18 സീസണിൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ ഫൈനൽ റൗണ്ടിലെത്താതെ പുറത്തായിരുന്നു. ആ നിരാശ മായ്ക്കാനാണ് സൂപ്പർ പരിശീലക സംഘത്തെ കെ.എഫ്.എ തിരഞ്ഞെടുത്തത്.