എഡ്ജ്ബാസ്റ്റൺ: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 284/10നെതിരെ വിക്കറ്ര് നഷ്ടമില്ലാതെ 10 റൺസ് എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് എന്ന നിലയിലാണ്. 6 വിക്കറ്ര് കൈയിലിരിക്കേ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ ഇംഗ്ലണ്ടിന് 18 റൺസ് കൂടി മതി. ഓപ്പണർ റോറി ബേൺസിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ ഹൈലൈറ്ര്. സെഞ്ച്വറി കടന്ന് (282 പന്തിൽ 125 നോട്ടൗട്ട്) ബാറ്റിംഗ് തുടരുന്ന ബേൺസിന്റെ ഇന്നിംഗ്സിന്റെ ചിറകിലേറിയാണ് ഇംഗ്ലീഷ് സ്കോർ മുന്നോട്ട് പോകുന്നത്. 16 ഫോറുകൾ ബേൺസ് ഇതുവരെ നേടിക്കഴിഞ്ഞു. ടെസ്റ്റിൽ ബേൺസിന്റെ കന്നി സെഞ്ച്വറിയാണിത്.
ബേൺസിനെക്കൂടാതെ ക്യാപ്റ്രൻ ജോ റൂട്ട് (57) അർദ്ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ഇന്നിംഗ്സിന് ഭേദപ്പെട്ട സംഭാവന നൽകി. 119 പന്ത് നേരിട്ട് 6 ഫോറുൾപ്പെട്ടതാണ് റൂട്ടിന്റെ ഇന്നിംഗ്സ്.
ജാസൻ റോയ്യെ (10) പാറ്റിൻസൺ സ്മിത്തിന്റെ കൈയിൽ എത്തിച്ച് നേരത്തേ മടക്കിയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച ബേൺസും റൂട്ടും ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്രിൽ 132 റൺസ് കൂട്ടിച്ചേർത്തു.ഇംഗ്ലണ്ട് സ്കോർ 154ൽ വച്ച് റൂട്ടിനെ സ്വന്തം ബൗളിംഗിൽ പിടികൂടി സിഡിലാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ ഡെൻലി (18), ബട്ട്ലർ (5) എന്നിവർക്ക് പിടിച്ചു നിൽക്കാനായില്ല. സ്റ്റോക്സാണ് ( 38 നോട്ടൗട്ട്) ബേൺസിനൊപ്പം ക്രീസിലുള്ളത്. നേരത്തേ സ്റ്റീവൻ സ്മിത്ത് (144) പൊരുതി നേടിയ സെഞ്ച്വറിയാണ് ഒന്നാം ഇന്നിംഗ്സിൽ ആസ്ട്രേലിയയെ 284 വരെയെങ്കിലും എത്തിച്ചത്. 219 പന്ത് നേരിട്ട് 16 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും ചേർന്നാണ് ഒാസീസിനെ എറിഞ്ഞിട്ടത്.