triple-talaq

മഥുര: ഭാര്യയെ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ് നിരോധന ബിൽ പാസായതിന് പിന്നാലെ ആദ്യകേസ് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ.

മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നുവർഷത്തെ തടവുശിക്ഷയാണ് മുത്തലാഖ് ബില്ലിൽ വ്യവസ്ഥചെയ്യുന്നത്.

ഹരിയാന സ്വദേശി ഇക്രാം എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒരു ലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് മഥുര സ്വദേശിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. സ്ത്രീധന പീഡനം സംബന്ധിച്ച പരാതിയെത്തുടർന്ന് ദമ്പതികളെ നേരത്തെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തുകയും പ്രശ്‌നങ്ങൾ പരിഹരിച്ച് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുലക്ഷം രൂപ നൽകാൻ കഴിയില്ലെന്ന് ഭാര്യാ മാതാവ് വ്യക്തമാക്കിയതോടെ ഇക്രാം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് കേസ്.

അതിനിടെ മഹാരാഷ്ട്രാ പൊലീസും മുത്തലാഖ് വിഷയത്തിൽ മുംബൈ സ്വദേശിക്കെതിരെ കേസെടുത്തുവെന്ന് വാർത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ജന്നത്ത് ബീഗം പട്ടേൽഎന്ന യുവതി ഭർത്താവ് ഇംതിയാസ് ഗുലാം പട്ടേലിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്. കഴിഞ്ഞവർഷം നവംബറിൽ ഭര്‍ത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി. ഇതിനുശേഷം ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കാൻ തുടങ്ങി. മാസങ്ങളായി താൻ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും യുവതി പരാതിയിൽ പറയുന്നു