പ്രണയത്തിന്റെ ലിപികൾ (കഥ)
ചില്ലിട്ട ഒരു ജനാലക്കുള്ളിലേക്ക് നോക്കുന്ന ഇഴജന്തുവിനെ പോലെ തോന്നിച്ച ഒരു റെയിൽവേ ടിക്കറ്റ് ക്യൂവിന്റെ വാലറ്റത്തു നിന്നുകൊണ്ട്, യാത്ര എന്ന അനിവാര്യത എന്തിന് നമ്മെ നിർബന്ധിച്ചു അതിന്റെ മടക്കുകളും കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നു എന്നോർത്തു.
അപ്പോൾ, മുന്നിൽ നിന്ന യാത്രക്കാരൻ തിരിഞ്ഞു എന്നോട് പറഞ്ഞു. ''താങ്കൾ എന്റെ സ്ഥാനത്തു നിന്നുകൊള്ളൂ, ഒരുപക്ഷേ നിങ്ങൾ ആ കണ്ണാടി ജാലകത്തിന് അടുത്തെത്തി, ടിക്കറ്റ് എടുക്കുന്നതിന് മുമ്പേ നമ്മൾ കാത്തുനിൽക്കുന്ന ആ ട്രെയിൻ വന്നു പോയെന്നിരിക്കും നിങ്ങൾക്ക് തിടുക്കം ഉണ്ടെന്ന് നിങ്ങളുടെ മുഖം പറയുന്നു.""
''നന്ദി, പക്ഷേ വേണ്ട, ചിലപ്പോൾ നിങ്ങളുടെ യാത്ര ഞാൻ കാരണം മുടങ്ങിപോകാൻ ഇട വന്നേക്കാം.""
ഞാൻ പറഞ്ഞു.
''എനിക്ക് തിടുക്കമൊന്നുമില്ല, ഇതെന്റെ അവസാനത്തെ യാത്രയാണ്, ഈ യാത്രയ്ക്കിടയിൽ കാണുന്ന ഒരു നദിയിലേക്കു ചാടി, അതിന്റെ ആഴത്തിൽ മുങ്ങി ചെന്ന്, അതിന്റെ ആലിംഗനത്തിൽ അമർന്ന് എനിക്കീ ലോകത്തോട് വിട പറയണം, അതിനു വേണ്ടിയാണ് ഞാനിവിടെ കാത്തുനിൽക്കുന്നത്.""
ആ യാത്രക്കാരൻ പറഞ്ഞു.
''ഇത്രയും ദയാശീലനായ, ശാന്തനായ താങ്കൾ എന്തിന് അങ്ങനെ ചെയ്യുന്നു?""
ഞാൻ ചോദിച്ചു .
''നാളെ എന്റെ പ്രണയിനിയുടെ വിവാഹമാണ്. പകുതിയായ ഈ പകലും, വരാനിരിക്കുന്ന ഒരു രാത്രിയും മാത്രമേ ഞങ്ങൾക്ക് പ്രണയിക്കാൻ ഇനി ബാക്കിയുള്ളൂ. അതുകഴിഞ്ഞുള്ള എന്തും വേദനയായിരിക്കും. അതുകൊണ്ടു ഞാൻ...""
''ഒരു സഹജീവിയെ സ്വകാര്യ വ്യക്തിയാക്കാനുള്ള മാർഗമായി പ്രണയത്തെ എന്തിനു കാണുന്നു?""
ഞാൻ ചോദിച്ചു.
''ഞാനൊരു സ്വപ്നജീവിയാണെന്നും, ശപിക്കപെട്ടവനാണെന്നും ചിത്രം വരക്കുന്നവനാണെന്നും പറഞ്ഞ് എന്റെ ആഗ്രഹത്തെ അവളുടെ അച്ഛൻ നിരസിച്ചിട്ട് ഇന്ന് എൺപതു ദിവസങ്ങൾ ആകുന്നു. ഒരു ഗവൺമെന്റ് ജീവനക്കാരൻ ആയിരിക്കുകയാണ് തന്റെ മകളെ വിവാഹം കഴിക്കാൻ അയാൾ മുന്നിൽ വയ്ക്കുന്ന യോഗ്യത. ഗവൺമെന്റ് സ്കൂളുകൾ ഉൾപ്പടെ അതിന്റെ എല്ലാ ഇടങ്ങളിൽനിന്നും ആട്ടി ഇറക്കിയവരാണ് ചിത്രകാരന്മാർ എന്നും അയാൾ പറഞ്ഞു. ഞാൻ അയാളുടെ കുടുംബത്തിന് അപമാനം ആയിരിക്കുമെന്നും. അയാളുടെ സംഭാഷണം വെറുപ്പിന്റെയും ദേഷ്യത്തിന്റെയും പ്രക്ഷുബ്ധമായ ഒരു കടൽ പോലെ ആയിരുന്നു. എല്ലാ പ്രതീക്ഷകളെയും ഉപേക്ഷിച്ചു അവിടെ നിന്നും ഓടിമറയാൻ അയാളുടെ വാക്കുകൾ എന്ന നിർബന്ധിച്ചു . തിരിഞ്ഞു നോക്കുമ്പോൾ നിസഹായതയുടെ ഒരു തുറന്ന വാതിലിൽ മുന്നിൽ നിന്ന് അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.
ഒരു ഗവൺമെന്റ് ജീവനക്കാരനാകാൻ ഉള്ള ഒരു വിദൂര സാദ്ധ്യത പോലും എനിക്കില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ ഞാനതിൽ പരാജയപ്പെടുകയും ചെയ്യും, അതുകൊണ്ട് എനിക്കവളെ എന്നേക്കുമായി മറക്കേണ്ടിവരും എന്ന് ഞാൻ ഭയപ്പെടുന്നു, ആ മറവിയിലേക്ക് എത്തിച്ചേരാനുള്ള ടിക്കറ്റ് എടുക്കുകയാണ് എനിക്കിനി ആകെ ചെയ്യാനുള്ളത്.
ഞാൻ പറഞ്ഞു: ''നിങ്ങൾ തീരുമാനിച്ചു വച്ചിരിക്കുന്ന കാര്യങ്ങളിലൊന്നിലും നിങ്ങൾ വിജയിക്കാൻ പോകുന്നില്ല. ഒന്നാമത്, ഒരു നദിയിലേക്കു ചാടി ഈ ലോകത്തോട് വിടപറയാൻ നിങ്ങൾക്ക് കഴിയില്ല, കാരണം അങ്ങനെയൊരു നദി നമുക്കില്ല എന്നത് തന്നെ. നദി എന്ന് സങ്കൽപ്പിച്ചു നിങ്ങൾ ചാടുന്ന ആ ഇടത്തിൽ, മണൽ വാരുന്നവരോ, മേയുന്ന വളർത്തു മൃഗങ്ങളോ കാണപ്പെടാം; അവരെ എന്തിനു ഭയപ്പെടുത്തുന്നു? രണ്ടാമത്, നിങ്ങളുടെ മരണത്തോടെ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ പ്രണയമാണ്, നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് അത് നിങ്ങളിൽ വസിക്കുന്നത്. നിങ്ങളുടെ പ്രണയത്തെ വിവാഹം എന്ന വലിയൊരു ആകാംക്ഷയിലേക്ക് കൊണ്ടെത്തിച്ചു, ഭാര്യാഭർതൃബന്ധമെന്ന ഒരു സാധാരണ ഭാഷയിലേക്ക് എന്തിനു അതിനെ മൊഴി മാറ്റണം? പകരം അതിനെ ഒരു അനുഭൂതിയാക്കി, നിങ്ങളുടെ ധൈഷണികതയിൽ നട്ട് അതിൽ നിന്നും ചിത്രങ്ങൾ എന്ന പൂക്കളെ വിരിയിച്ചുകൂടേ?""
''താങ്കൾ പറഞ്ഞത് ശരിയായിരിക്കാം, പക്ഷേ എന്റെ പ്രണയം എന്നെ വേദനിപ്പിക്കുന്നു. അവളെക്കുറിച്ചുള്ള ഓർമ്മകൾ വലിയൊരു കാറ്റായി എന്റെ നേരെ വരുന്നു, ഞാൻ കണ്ട സ്വപ്നങ്ങളെന്ന ഇലകളെ മുഴുവനും അടർത്തി കൊണ്ട്. അവളുടെ പുതിയ ജീവിതം എത്രമാത്രം സുരക്ഷിതമായിരിക്കും എന്നും അവൾ മറ്റൊരാളുടെ വെറുപ്പിന് നിരന്തരം ഇരയാകുമോ എന്നുമുള്ള ചിന്തകൾ കൂടി എന്നെ വ്യാകുലപ്പെടുത്തുന്നു, അതുകൊണ്ടാണ് മരണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രക്കാരനായി ഞാൻ ഇവിടെ എത്തിയത്, നോക്കൂ, ഒരു യാത്രക്കാവശ്യമായതൊന്നും എന്റെ കൈവശമില്ല, ഒരു നദിയുടെ അടുത്തേക്കുള്ള ദൂരം സഞ്ചരിക്കാനുള്ള യാത്രാച്ചെലവും വേദനകളുമല്ലാതെ.""
''നിങ്ങളുടെ പ്രണയിനിയുടെ ഭാവി സുരക്ഷയെ കുറിച്ചുള്ള നിങ്ങളുടെ ആകാംക്ഷ തന്നെ തെറ്റാണ്. ഒരു പക്ഷെ, നിങ്ങളോടൊപ്പമുള്ള ജീവിതത്തെക്കാളും സുരക്ഷിതമായിരിക്കും മറ്റൊരാളുമായുള്ള അവളുടെ ഭാവി ജീവിതം. നിങ്ങളുടേത് വെറും തെറ്റിദ്ധാരണയാകാം, യാഥാർത്ഥ്യം മറ്റൊന്നായിരിക്കാം. അതുകൊണ്ട് നിങ്ങൾ അവൾക്ക് എല്ലാ ഭാവുകങ്ങളും നേർന്ന്, നിങ്ങൾക്ക് കാലം തന്നിട്ടുള്ള ജീവിതത്തിലേക്ക് മടങ്ങിപ്പോകുക. നിങ്ങളുടെ സ്വപ്നങ്ങളിൽ മറഞ്ഞുകിടക്കുന്ന നിറങ്ങൾ എന്ന വിത്തുകൾ എടുത്ത് നിങ്ങളുടെ പ്രണയത്തിൽ വിതറുക അതവിടെ മുളച്ചു വളർന്നു വരകളും വർണങ്ങളും നിറഞ്ഞ രൂപങ്ങൾ ആയി മാറട്ടെ. മനുഷ്യജീവിതം ഒരു സാംസ്കാരിക പ്രവർത്തനമൊന്നുമല്ല, ഇന്നും അതൊരു ജൈവപ്രക്രിയയായി തന്നെ തുടരുകയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും, കാരണം പ്രകൃതി അങ്ങനെയാണ് ജീവനെ വരച്ചിട്ടിരിക്കുന്നത്. പ്രണയം അതിന്റെ ഒരു ഭാഗം എന്ന് മാത്രം;
ലൈംഗികതയും ആകാംക്ഷയും തന്നെയാണ് അതിന്റെ അടിസ്ഥാനം. പ്രണയവും ഒരു ഭാഷയാണ്, അത് പഠിച്ചാൽ നിങ്ങൾ ജീവിക്കുന്നിടത്തോളം അത് നിങ്ങളിൽ ജീവിക്കും എന്ന് മാത്രം. അതിനെ സങ്കീർണമാക്കാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നിങ്ങളിലെ ക്ഷമയും സർഗാത്മകതയുമാണ് നിങ്ങൾക്ക് പറഞ്ഞു തരേണ്ടത്, അത് ശ്രവിക്കാത്തതു കൊണ്ടാണ് പ്രണയപരാജയം വൈകാരികതയായി, അസൂയയായി, ആക്രമണമായി ഒടുവിൽ ഹത്യയിലെത്തുന്നത്. നിങ്ങൾ ഈ സ്വയം ഹത്യയിൽ നിന്നും പിന്മാറണം, നിങ്ങളുടെ വേദന എനിക്ക് മനസിലാകും, ചിലർക്കത് താങ്ങാൻ കഴിയില്ല, അതിനു വലിപ്പ ചെറുപ്പമൊന്നുമില്ല, ഒരുപക്ഷേ നിങ്ങൾക്കറിയാമായിരിക്കുന്നതു പോലെ നിങ്ങളെക്കാളും ജീവിതത്തെയും കാലത്തെയും കലയെയും വിശദീകരിക്കാൻ അറിയാമായിരുന്ന പലരും ചില സന്ദർഭങ്ങളിൽ ജീവിതത്തെ നേരിട്ടത്, വൈകാരികമായും പകരം വീട്ടലായും, മുറിവേൽപ്പിക്കലുമായിട്ടായിരുന്നു എന്നോർക്കണം. നഷ്ടപ്പെട്ട, പരാജയപ്പെട്ട പ്രണയം എന്നൊന്നില്ല, കാരണം നഷ്ടപ്പെടാൻ പ്രണയം ഒരു വസ്തു അല്ല, അതൊരു മനോഭാവമാണ് , അതിന്റെ സംഗീത ധ്വനികളെയാണ് ചങ്ങമ്പുഴയും, നെരുദയും , ജിബ്രാനും, അയ്യപ്പനും പാടിയത് . മാർക്കേസും കസാൻദ് സാക്കിസും പ്രണയത്തെ കുറിച്ച് ഭാവനാപരമായി എഴുതി വായിച്ചു. അഴിക്കോടും സാർത്രും ബുവേയും പ്രണയത്തെ അനുഭവിച്ചു കൊണ്ട് ചിന്തിച്ചു . പ്രണയത്തിലെ കവിതയെയും ഭാവനയെയും സമാധാനത്തെയും സംസ്കാരത്തെയും, തേടി പോയവരിൽ ചിലരാണവർ.
അയ്യപ്പൻ, തന്റെ സൗഹൃദങ്ങളുടെ, തെരുവുകളിലെ രൂക്ഷതകളുടെ, ഏകാന്തതകളുടെ മുറിവുകളെയെല്ലാം ചുമന്നു കൊണ്ട്, രാതിയോ പകലോ എന്നില്ലാതെ, അനാഥനും, വിശക്കുന്നവനുമായി പ്രണയഗീതങ്ങൾ എഴുതി, പാടി, നമ്മെ ഉണർത്തിയിട്ട് പോയി. ''എനിക്ക് വേണ്ടി വളരെ സമയം കാത്തു നിന്നോ?"" എന്ന് ചോദിച്ച നായികയോട് ''ഇതൊക്കെ എന്ത് കാത്തുനിൽപ്പ്, ചിലർ ജീവിതം മുഴുവനും കാത്തുനിൽക്കുന്നു""... എന്ന് മറുപടി പറഞ്ഞ ശ്രീനിവാസന്റെ ഭാസ്കരൻ എന്ന കഥാപാത്രത്തെ ഓർമ്മിക്കുന്നില്ലേ?
''തന്നെ വിവാഹം കഴിക്കാനാവാതെ മറ്റൊരാളുടെ ഭാര്യയായും കുടുംബിനിയുമായ പ്രണയിനിക്ക് വേണ്ടി അരനൂറ്റാണ്ടു കാലം കാത്തിരുന്ന മാർക്കേസിന്റെ ഫ്ളോറെൻറ്റിനോ അരിസാ എന്ന അസാധാരണ കഥാപാത്രവും പ്രണയത്തിന്റെ സഹനത എന്തെന്ന് നമ്മുക്ക് കാട്ടി തന്ന സാഹിത്യത്തിലെ മനോഹരമായ സൃഷ്ടിയാണ്. ഇനി നിങ്ങൾക്ക് മുന്നിൽ ഉള്ളത് വെറും രണ്ടു യാത്രക്കാർ മാത്രമാണ്, നിങ്ങൾക്ക് പോകേണ്ട ട്രെയിൻ വരുന്നു എന്ന അറിയിപ്പും കേട്ടുകഴിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്കു ഒരു തീരുമാനം എടുക്കേണ്ടി വരും. നിങ്ങൾ ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോകണം എന്നാണ് എന്റെ ആഗ്രഹം നിങ്ങളുടെ അനുഭവങ്ങളെ പാടെ നശിപ്പിക്കാതെ അവയെ ക്രിയാത്മകമാക്കുക. നിങ്ങൾ ആദരിക്കപ്പെടേണ്ടവനാണ്, കാലത്തിന് നിങ്ങളെ ആവശ്യമുണ്ട്. ആദരിക്കപ്പെടേണ്ടവൻ എന്നുളള ആ വിളി, കാലം എനിക്കുവേണ്ടി നിങ്ങളിൽ കരുതിയിട്ടുള്ളതാകണം, ഞാൻ നിങ്ങളെ അനുസരിക്കുന്നു, നമുക്ക് ഇനിയും കാണാം നന്ദി .""
അയാൾ യാത്ര പറഞ്ഞു.
നിരാശയുടെ ഒരു ജലാശയത്തിൽ വീഴാൻ, പ്രണയത്തിന്റെ മറകളിൽ തട്ടിത്തടഞ്ഞു വന്ന്, നിറങ്ങൾ എന്ന സ്വച്ഛന്ദതയിലേക്കു തിരിച്ചു നടക്കുന്ന ആ യാത്രക്കാരനെ നോക്കി ഞാൻ നിന്നു, പകുതിയിലേറെ കഴിഞ്ഞ ഒരു പകലും ഒരു രാത്രി മുഴുവനും. യാത്ര എന്ന അനിവാര്യതയെ നിറച്ചെത്തിയ എന്റെ ട്രെയിനുകൾ ഒന്നും കടന്നുപോയതറിയാതെ.