kashmir-

ന്യൂഡൽഹി: ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ജമ്മുകാശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രതാ നിർ‌ദ്ദേശം പുറപ്പെടുവിച്ചു. അതിർത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കാശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. 'എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മു കാശ്മീർ സർക്കാരിൽ നിർണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വർഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ അവർക്ക് പറ്റിയില്ല, ഭീ പക്ഷേ ആളുകളോട് ഒരക്ഷരം മിണ്ടാതെ ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്, കശ്മീരിൽ ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു, ഗുൽബർഗിൽ ബസുകൾ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു- ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള ഒമറിന്റെ പ്രതികരണം.

കാശ്‍മീരിൽ സർക്കാർ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്നെന്ന് കോൺഗ്രസും ആരോപിച്ചു.‌ ജമ്മു കശ്മീരിന് നല്കുന്ന ഭരണഘടനാ പരിരക്ഷ തുടരണം എന്നും ഡൽഹിയിൽ മുൻ പ്രധാനമന്തി മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു