zomato

ന്യൂഡൽഹി: സൊമാറ്റോ ഓർഡർ വിവാദത്തിൽ അഹിന്ദുവായതിനാൽ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലക്കെതിരെ എഴുത്തുകാരി തസ്‌ലിമ നസ്രിൻ രംഗത്ത്. അഹിന്ദുവായതിന്റെ പേരിൽ സൊമാറ്റോയിൽ ഓർഡർ വേണ്ടെന്നുവെച്ച് വർഗീയ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. അതേസമയം അമിത് ശുക്ല എന്ന യുവാവ് തന്റെ ചിത്രത്തിന് മോശം കമന്റിട്ട ആളാണെന്ന വെളിപ്പെടുത്തലുമായാണ് തസ്‌ലിമ നസ്രിൻ രംഗത്തെത്തിയിരിക്കുന്നത്.

ഹാർവാർഡ് കെന്നഡി സ്‌കൂളിൽ വിദ്യാത്ഥിയായിരിക്കെയുള്ള തസ്ലിമയുടെ ചിത്രത്തിന് താഴെയാണ് അമിത് അശ്ലീല കമന്റിട്ടിരിക്കുന്നത്. 2013ലാണ് സംഭവം നടന്നതെന്നും തസ്ലിമ ട്വീറ്റ് ചെയ്തു. ”ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഓർഡർ ക്യാൻസൽ ചെയ്ത ആളാണോ ഇത്? ഇയാൾക്ക് സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലേ? അതോ അഹിന്ദുവായതിനാലാണോ എന്നോട് അപമര്യാദയായി പെരുമാറിയത്”- സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് കൊണ്ട് തസ്ലിമ ചോദിച്ചു.

തസ്ലിമയുടെ ചിത്രത്തിന് താഴെ ‘നിങ്ങൾക്ക് നല്ല മാറിടങ്ങളുണ്ട്. എന്റെ കമന്റ് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് അമിത് ശുക്ല കമന്റ് ചെയ്തിരിക്കുന്നത്. സൊമാറ്റോയില്‍ ഭക്ഷണം ഓർഡർ ചെയ്ത ശേഷം റദ്ദാക്കാനുണ്ടായ കാരണം വിശദീകരിച്ച് അമിത് ശുക്ലയിട്ട ട്വീറ്റാണ് വിവാദമായത്. ഹിന്ദുവല്ലാത്തതിനാൽ ഓർഡർ കാൻസൽ ചെയ്തു എന്നാണ് ശുക്ല ട്വീറ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

zomato

ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ് എന്നായിരുന്നു അമിത് ശുക്ലക്ക് സൊമാറ്റോ നൽകിയ മറുപടി. സംഭവം വിവാദമായതിനെ തുടർന്ന് മധ്യപ്രദേശ് പൊലീസ് ശുക്ലക്കു നോട്ടീസ് അയച്ചിരുന്നു. മതസ്പർദ ഉണ്ടാക്കുന്ന രീതിയിൽ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ജബൽപൂർ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.