തിരുവനന്തപുരം: ഡൽഹിക്ക് ഗുഡ്ഗാവ് എന്നപോലെ, തലസ്ഥാന നഗരത്തിന് സമാന്തര നഗരം സ്ഥാപിക്കാൻ പദ്ധതി. തലസ്ഥാന നഗരത്തിന്റെ ഗതാഗതക്കുരുക്ക് അഴിക്കാനും റോഡ് ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള ഔട്ടർ റിംഗ് റോഡിന്റെ വശങ്ങളിലെ രണ്ടരകിലോമീറ്റർ പ്രദേശത്താണ് സമാന്തര നഗരം വരുന്നത്. പാതയുടെ ഇരുവശത്തും ടൗൺഷിപ്പുകളും എട്ട് സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാൻസ്പോർട്ട് സോണുകളും സ്ഥാപിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലകളായി ഇവ മാറും. സമാന്തര നഗരം കൂടി വരുന്നതോടെ തലസ്ഥാനം വൻതോതിൽ വികസിക്കും. ബംഗളൂരുവിനും ചെന്നൈയ്ക്കുമൊപ്പം നിലവാരമുള്ള റോഡുകളുള്ള നഗരമായി തിരുവനന്തപുരം മാറും. പദ്ധതിക്ക് അന്തിമ കേന്ദ്രാനുമതി ഉടൻ ലഭിക്കുമെന്ന് തലസ്ഥാന നഗരവികസന പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ടി. ബാലകൃഷ്ണൻ സിറ്റികൗമുദിയോട് പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം സുഗമമാക്കാൻ വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെ 70 മീറ്റർ വിസ്തൃതിയിൽ ആറുവരിപ്പാതയാണ് വരുന്നത്. ആദ്യം നാലുവരിയാവും നിർമ്മിക്കുക. ഇരുവശത്തും 10 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. പദ്ധതിക്ക് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന്റെ മുഴുവൻ ചെലവും ഭൂമിയേറ്റെടുക്കാനുള്ള പകുതി ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
ഭൂമിയേറ്റെടുപ്പിനുള്ള സംസ്ഥാനവിഹിതം മുൻകൂറായി കെട്ടിവയ്ക്കണം. ഭൂമിയേറ്റെടുക്കേണ്ട സ്ഥലങ്ങളിൽ എൽ ആൻഡ് ടി എൻജിനിയറിംഗാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്. മഴക്കാലത്തും വേനൽക്കാലത്തും രണ്ട് പഠനങ്ങൾ നടത്തണം. വർഷകാലത്തെ പഠനം പൂർത്തിയാക്കിയാലുടൻ പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കും. പരിസ്ഥിതി പഠനം കഴിഞ്ഞാലേ വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) തയ്യാറാക്കാനാവൂ. ഇതിനുശേഷം പദ്ധതിയുടെ അന്തിമാനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിക്കും. റോഡ് വികസന പദ്ധതിയായതിനാൽ കേന്ദ്രാനുമതിക്ക് തടസമുണ്ടാവില്ല. ദേശീയപാതാ അതോറിട്ടിക്കാണ് നിർമ്മാണചുമതല.
സമാന്തര നഗരം യാഥാർത്ഥ്യമാവുന്നതോടെ, 80 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിംഗ് റോഡിനുള്ള ടോൾ ഒഴിവാക്കാനും ശുപാർശയുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം വേണം. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാൽ മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. വിഴിഞ്ഞം ബൈപാസിൽ നിന്നു തുടങ്ങി വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തീക്കട, തെമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴിയാണ് ഔട്ടർ റിംഗ് റോഡ്.
വേങ്കോടു നിന്ന് മംഗലപുരം ദേശീയപാതയിലേക്ക് നിർമ്മിക്കുന്ന ലിങ്ക് റോഡ് കരകുളം, വെമ്പായം, പോത്തൻകോട്, ആണ്ടൂർക്കോണം വില്ലേജുകൾ വഴി കടന്നുപോകും. കേന്ദ്ര സർക്കാരിന്റെ കാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഔട്ടർ റിംഗ് റോഡ്. റോഡ് നിർമ്മാണത്തിന് 500 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കണം. 2829 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനുള്ള ചെലവ്. ഇതിൽ പകുതി തുക സംസ്ഥാനം മുൻകൂറായി കേന്ദ്രത്തിന് നൽകണം. സർവേ പൂർത്തിയാക്കി അന്തിമ അലൈൻമെന്റ് നിശ്ചയിച്ചാലേ ഭൂമിയുടെ കൃത്യമായ കണക്ക് അറിയാനാവൂ.
നഗരത്തിലെ തിരക്കു കുറയ്ക്കാനും നെയ്യാറ്റിൻകരയിലേക്കും തമിഴ്നാട്ടിലേക്കും കണക്ടിവിറ്റിക്കും ഔട്ടർ റിംഗ് റോഡ് സഹായകമാവും. എം.സി റോഡിലെയും എൻ.എച്ച്-66, എൻ.എച്ച് ബൈപ്പാസ് എന്നിവിടങ്ങളിലെയും ഗതാഗതക്കുരുക്ക് അഴിക്കാനാവുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. നാലുവരിപ്പാതയിൽ പ്രതിദിനം 6500 0വാഹനങ്ങളെ ഉൾക്കൊള്ളാനാവും. ആറുവരിയാവുന്നതോടെ ഇത് 97500 ആവും.
ഗുഡ്ഗാവ് മോഡൽ
ഡൽഹിയുടെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഹരിയാനയിലെ ഗുഡ്ഗാവ് ഡൽഹിയുടെ ഉപഗ്രഹ നഗരമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും വളർച്ച രേഖപ്പെടുത്തിയ നഗരമാണിത്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രൈസിലിന്റെ പഠനത്തിൽ ഏറ്റവും സമ്പന്നമായ നഗരമായത് ഗുഡ്ഗാവാണ്. ഡൽഹിയുടെ ഉപഗ്രഹനഗരമായതോടെ വ്യവസായം, ഐ.ടി മേഖലയിൽ വൻവികസനമുണ്ടായി. ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ലഭ്യമാണ്. മെട്രോ കണക്ഷനുമുണ്ട്. ഇതുപോലെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമാന്തരനഗരമാണ് തിരുവനന്തപുരത്തും വരുന്നത്.
ഔട്ടർ റിംഗ് റോഡിനോട് ചേർന്ന് ഗുഡ്ഗാവ് മോഡലിൽ സമാന്തര നഗരം വരുന്നത് തലസ്ഥാന വികസനത്തിന് ഗുണകരമാണ്. തിരുവനന്തപുരത്ത് വലിയ മാറ്റം വരും. എല്ലാവർക്കും താത്പര്യമുള്ള പദ്ധതിയാണിത്. സ്പെഷ്യൽ ഓഫീസറെന്ന നിലയിൽ ഏറ്റവും പരിഗണന ഈ പദ്ധതിക്കാണ്. ഏറ്റവും പ്രയോജനം തിരുവനന്തപുരത്തുകാർക്കാവും. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുത്താലുടൻ നിർമ്മാണം തുടങ്ങും. -ടി. ബാലകൃഷ്ണൻസ്പെഷ്യൽ ഓഫീസർ