തിരുവനന്തപുരം: നഗരത്തിൽ ഏറക്കുറെ സുഗമമായി വാഹനയാത്ര നടത്താവുന്ന പ്രധാന പാതകളിലൊന്നാണ് പാളയം - ചാക്ക റോഡ്. ഏറ്റവുമധികം തിരക്കുള്ള റോഡുകളിൽ ഒന്നും. കേരള സർവകലാശാല ആസ്ഥാനം, സി.പി.എം ആസ്ഥാന മന്ദിരം, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള കണ്ണാശുപത്രി, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, ടി.ബി കൺട്രോൾ സെൽ, ഗവൺമെന്റ് പ്രസ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ പാതയുടെ വശങ്ങളിലാണ്.
കണ്ണാശുപത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്ര് എതിർവശത്തായി തുടങ്ങിയത് കുറെ മാസങ്ങൾക്ക് മുമ്പാണ്. പുതിയ ബിൽഡിംഗിലേക്ക് കുടിവെള്ളം എത്തിക്കാനും അവിടെനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ നീക്കംചെയ്യാനും ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ള ചട്ടപ്രകാരമുള്ള ചുമതല കേരള വാട്ടർ അതോറിട്ടിക്കാണ്. അവർ അതെല്ലാം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. പൈപ്പ് ലൈൻ സ്ഥാപിക്കാൻ പാളയം-ചാക്ക റോഡിൽ കുറുകെ വലിയൊരു കുഴിയെടുക്കേണ്ടി വന്നത് സാധാരണ നടപടിക്രമവും. പൊതുമരാമത്ത് വകുപ്പിൽ നിന്ന് രേഖാമൂലം ഇതിന് അനുമതിയും തേടി. എന്നാൽ ഇപ്പോഴത്തെ പ്രശ്നം റോഡിന് നടുവിൽ കുറുകെ എടുത്തിട്ടുള്ള സാമാന്യം നല്ല ആഴത്തിലുള്ള കുഴിയാണ്.
ചെറുതോടു കീറിയപോലുള്ള, നല്ല ആഴത്തിലുള്ള കുഴി വലിയ വാഹനങ്ങൾക്ക് പ്രശ്നമല്ലെങ്കിലും ഇരുചക്രവാഹനങ്ങൾക്കും ആട്ടോറിക്ഷകൾക്കും ചെറിയ വാഹനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത ഇരുചക്രവാഹന യാത്രികരാണ് ഏറെ കുഴങ്ങുന്നത്. ഒന്ന് കൈയയച്ചുപോയാൽ തലകുത്തി വീഴുമെന്നത് നിശ്ചയം.
ഇത്തരത്തിൽ റോഡു വെട്ടിപ്പൊളിക്കുമ്പോൾ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. വെട്ടിപ്പൊളിക്കുന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് അടയ്ക്കണം. ഇതിൻ പ്രകാരം 1,94,752 രൂപ പൊതുമരാമത്ത് വകുപ്പിന് കേരള വാട്ടർ അതോറിട്ടി അടച്ച് രസീത് കൈപ്പറ്രിയിട്ട് മാസം അഞ്ചു കഴിഞ്ഞു. പക്ഷേ റോഡിലെ കുഴി അടച്ച് പൂർവസ്ഥിതിയിലാക്കിയില്ല.
കേരള റോഡ് ഫണ്ട് ബോർഡിന് കീഴിൽ തിരുവനന്തപുരം നഗരപാത വികസന പദ്ധതിയിലുൾപ്പെട്ട റോഡാണ് ഇത്. പലവിധ കാരണങ്ങളാൽ ഈ ഏജൻസിക്ക് കുഴി നികത്തി റോഡ് പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല. വകുപ്പുകൾ തമ്മിൽ സാധാരണ ഗതിയിലുണ്ടാവാറുള്ള സൗന്ദര്യപ്പിണക്കങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഇക്കാര്യത്തിലുമുണ്ടായി. എല്ലാത്തിന്റെയും ആത്യന്തികമായ ഫലം അനുഭവിക്കേണ്ടിവരുന്നത് പാവം ജനവും.
പ്രതിസന്ധിക്ക് പരിഹാരമാവുന്നു
വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് തീരുമാനിച്ചു കഴിഞ്ഞു. കുഴി നികത്തി റോഡ് പൂർവസ്ഥിതിയിലാക്കാൻ ടെൻഡർ ചെയ്യുകയാണ്. ആഗസ്റ്റ് 12ന് ടെൻഡർ തുറക്കും.