തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ വാഹനവുമെടുത്ത് റോഡിലേക്കിറങ്ങുമ്പോൾ എല്ലാ രേഖകളും കൈയിലുണ്ടെന്ന് ഉറപ്പാക്കണം. ഗതാഗത നിയമങ്ങൾ കർശനമായി അനുസരിക്കുകയും വേണം. ഇല്ലെങ്കിൽ റോഡ് സുരക്ഷയുടെ പേരിൽ കർശന പരിശോധനയ്ക്കിറങ്ങുന്ന പൊലീസിനും മോട്ടോർ വാഹന വകുപ്പിനും "പെറ്റി" കൊടുത്ത് മുടിയും.
ഇപ്പോൾത്തന്നെ വാഹനപരിശോധനയുടെ കാര്യത്തിൽ പൊലീസിനിത്തിരി കാർക്കശ്യം കൂടുതലാണ്.
രാവിലെ തന്നെ 'രസീതുകുറ്റി'യുമായി ഇറങ്ങും. ഒരു നിശ്ചിത സ്ഥലത്ത് എത്തി 'ഇര'കളെ കാത്തു നിൽക്കും. എതിരെ വരുന്ന എല്ലാ വണ്ടികൾക്കും കൈ കാണിക്കാനാണ് ചിലർക്ക് ഉത്സാഹം. എന്നിട്ട് എസ്.ഐ സാറിന്റെ മുന്നിലേക്ക് പറഞ്ഞയയ്ക്കും. അവിടെ ബന്ധപ്പെട്ട രേഖകളുമായി ക്യൂ നിൽക്കണം. രാവിലെ തിരക്കിട്ട് ഓഫീസിലേക്കും മക്കളെ സ്കൂളിൽ കൊണ്ടാക്കാനുമൊക്കെ പോകുന്നവരാണ് ക്യൂ നിൽക്കേണ്ടത്.
പക്ഷേ ചിലർ സെലക്ടീവാണ്. എതിരെ വരുന്നവന്റെ മട്ടുംഭാവവുമൊക്കെ നോക്കിയെ കൈകാണിക്കൂ. ഒരാളെ പെറ്റി അടിച്ചശേഷമേ അടുത്ത ആളെ പിടിക്കൂ. ഇരുചക്ര വാഹനങ്ങളും ഗുഡ്സ് ആട്ടോയുമൊക്കെയാണ് സ്ഥിരം വേട്ടമൃഗങ്ങൾ. രേഖകളുമായി എസ്.ഐ സാറിന്റെ അടുത്ത് എത്തുമ്പോഴായിരിക്കും ചോദ്യം 'പൊല്യൂഷൻ ഉണ്ടോ?'. ആ സാധനം കാണണമെന്നില്ല. പൊല്യൂഷൻ വല്ലാത്തൊരു പൊല്ലാപ്പായല്ലോ എന്ന് ചിന്തിച്ച് പെറ്റികൊടുത്ത് മടങ്ങാം.
വാഹനത്തിന് കൈ കാണിക്കേണ്ടതും നിറുത്തിക്കേണ്ടതുമൊക്കെ എസ്.ഐ എന്നാണ് നിർദ്ദേശം. സാധാരണ പൊലീസുകാർക്കതിന് അവകാശമില്ലെന്ന് പലവട്ടം പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ സിവിൽ പൊലീസ് ഓഫീസർ കൈകാണിച്ച ശേഷം എസ്.ഐയുടെ നേർക്ക് ചൂണ്ടും. എസ്.ഐ പറഞ്ഞിട്ടാണ് കൈകാണിച്ചതെന്ന് മനസിലാക്കിക്കൊള്ളണം.
വാഹന പരിശോധന പൊലീസ് എപ്പോഴൊക്കെ മാന്യമല്ലാത്ത രീതിയിൽ നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്. അഞ്ചാം തീയതി കഴിയുമ്പോഴറിയാം പൊലീസ് പരാക്രമത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന്. വളവിലും തിരിവിലുമൊക്കെ ഒളിച്ചു നിന്നിട്ട് ചാടി വീഴുക. ഹെൽമറ്റില്ലാതെ പോകുന്നവനെ എറിഞ്ഞു വീഴ്ത്തുക തുടങ്ങിയവയൊക്കെ നേരത്തേ കേട്ടിട്ടുള്ള 'കലാപരിപാടി'കളാണ്.
ഇരുചക്രവാഹന യാത്രക്കാരിൽ പിൻവശത്തിരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കുക, കാറിലെ പിൻയാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ തുടങ്ങിയ പുതിയ ട്രാഫിക് നിയമങ്ങൾ ഈ മാസം 31 വരെയുള്ള പരിശോധനയ്ക്ക് ബാധകമാക്കിയിട്ടില്ല. ബൈക്ക് പട്രോളിംഗിനും മറ്റും പോകുമ്പോൾ പിൻസീറ്റിലിരിക്കുന്ന പൊലീസുകാർ പോലും ഹെൽമറ്റ് ധരിക്കാറില്ല.
ഇപ്പോൾ ഓരോ നിയമലംഘനവും തടയാൻ പ്രത്യേകം ദിവസങ്ങളും തിരിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റും ഹെൽമറ്റുമാണ് ആദ്യ ഘട്ടം. തല മുട്ടപോലെയാണെന്നും തറയിൽ വീണാൽ പൊട്ടുമെന്നുമൊക്കെ വീഡിയോ വരെ ഇറക്കി ബോധവത്കരിക്കാൻ ശ്രമിക്കുന്ന പൊലീസിന്റെ നല്ല മനസിനെ കാണാതിരുന്നു കൂടാ. 11 മുതൽ 13 വരെ അമിത വേഗക്കാരെയാണ് പിടികൂടുക. വെടിയുണ്ട പോലെയാണ് ചില ഫ്രീക്കന്മാർ പായുന്നത്. കൈകാണിക്കുന്നതിനെ കുറിച്ച് പൊലീസ് ചിന്തിക്കുമ്പോഴേക്കും കൺവെട്ടത്തു നിന്നു മാഞ്ഞിരിക്കും. കൂളിംഗ് ഫിലിമാണ് അവസാന പരിശോധന. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽ കർട്ടൻ ഇട്ടു പോകുമ്പോഴാണ് കൂളിംഗ് പരിശോധന. വേറെ എവിടെയൊക്കെ കർശനമാക്കിയാലും അധികാര കേന്ദ്രങ്ങളിലെ തൊട്ടുകളിക്കൊന്നും ആരും ഇറങ്ങിപ്പുറപ്പെടില്ലെന്നുറപ്പ്. ബാക്കിയുള്ളവർ ജാഗ്രത പാലിക്കുക. ഒന്നുമല്ലെങ്കിലും നമ്മുടെ നന്മയ്ക്കു വേണ്ടിയല്ലേ!