തിരുവനന്തപുരം: കുടിവെള്ളം കട്ടെടുക്കുന്നവരും ദീർഘനാളായി വെള്ളക്കരം അടയ്ക്കാത്ത വൻകിട കമ്പനികളും ഫ്ളാറ്റുകാരും ജാഗ്രതൈ. നിങ്ങളെ കൈയോടെ പിടിക്കാൻ വാട്ടർ അതോറിട്ടി ഒരുങ്ങുന്നു. ഇതിനായി നിർജ്ജീവമായി കിടന്ന ആന്റി തെഫ്റ്റ് സ്ക്വാഡിനെ നഗരത്തിലെ വാട്ടർ അതോറിട്ടി പുനരുജ്ജീവിപ്പിക്കാൻ പോകുകയാണ്.
പള്ളിപ്പുറം മുതൽ മണ്ണാമ്മൂല വരെയുള്ള പബ്ളിക് ഹെൽത്ത് നോർത്ത് ഡിവിഷനിലാണ് ആദ്യം സ്ക്വാഡ് സജീവമായി പരിശോധനകളിൽ ഏർപ്പെടുക. പോങ്ങുംമൂട്, കഴക്കൂട്ടം, പാളയം, പാറ്റൂർ, പേരൂർക്കട, കവടിയാർ എന്നീ ആറ് സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് നോർത്ത് പി.എച്ച് ഡിവിഷൻ.
സ്ക്വാഡ് ഇങ്ങനെ
റവന്യൂ ഓഫീസർക്ക് കീഴിൽ എട്ടംഗ സംഘമാണ് സ്ക്വാഡിലുണ്ടാകുക. വൻതോതിൽ ജലം ശേഖരിക്കുന്ന ഫ്ളാറ്റുകളും ബഹുനില കെട്ടിടങ്ങളും കേന്ദ്രീകരിച്ചാവും സ്ക്വാഡിന്റെ പ്രവർത്തനം. ദീർഘനാളായി വെള്ളക്കരം കുടിശികയാക്കിയിട്ടുള്ള ഉപഭോക്താക്കളെ നേരിട്ട് കണ്ട് ബിൽ അടയ്ക്കാൻ ആദ്യം ആവശ്യപ്പെടും.
ഇതിന് തയ്യാറാകാതെ വന്നാൽ വാട്ടർ കണക്ഷൻ റദ്ദാക്കുന്നതടക്കമുള്ള മറ്റ് നടപടികളിലേക്ക് പോകാനാണ് തീരുമാനം. സർക്കാർ സ്ഥാപനങ്ങളെയും ഒഴിവാക്കില്ല. രണ്ടാഴ്ചയിലെരിക്കൽ സ്ക്വാഡ് യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും.
വരുമാന ലക്ഷ്യം 90 കോടി
വൻകിടക്കാർ വരുത്തുന്ന കുടിശികയും മറ്റുമായി 90 കോടി പിരിച്ചെടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 1.4 ലക്ഷം ഉപഭോക്താക്കളിൽ നിന്ന് 74 കോടിയാണ് ലഭിച്ചത്. കേടായ മീറ്ററുകളാണ് റവന്യൂ വരുമാന നഷ്ടത്തിന്റെ ഒരു കാരണം. 8419 മീറ്ററുകളാണ് കേടായതായി കണ്ടെത്തിയിരിക്കുന്നത്. കേടായ മീറ്ററുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് 31നകം മീറ്ററുകൾ മാറ്റാൻ തയ്യാറാകാത്തവരുടെ കണക്ഷൻ റദ്ദാക്കും.