ഈ മാസം ബോളിവുഡിൽ നിരവധി റിലീസുകൾ.ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ, അക്ഷയ്കുമാറിന്റെ മിഷൻ മംഗൾ എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങളാണ് ബോളിവുഡിൽ റിലീസിന് തയ്യാറെടുക്കുന്നത്.
ആഗസ്റ്റ് 9ന് നാല് ചിത്രങ്ങൾ തിയേറ്ററിലെത്തും.പാൻ ഇന്ത്യയുടെ ബാനറിൽ ശേഖർ സിറിൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറായ ചിക്കൻ കറി ലാ ആണ് ആദ്യത്തേത്.അശുതോഷ് റാണയും നിവേദിത ദട്ടാചാര്യയും മകരന്ദ് ദേശ്പാണ്ഡെയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.രുദ്രാക്ഷ് അഡ്വർടൈസ്മെന്റ് പ്രൈ ലിമിറ്റഡിന്റെ ബാനറിൽ സഞ്ജീവ് ജെയ്സ്വാൾ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറായ പ്രണാമാണ് രണ്ടാമത്തെ ചിത്രം. രാജീവ് ഖണ്ഡേൽവാൽ, സമീക്ഷാ സിംഗ്, അതുൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.മുശ്കിൽ ഫിയർ ബിഹൈൻഡ് യു എന്ന ഹൊറർ ത്രില്ലറാണ് ആഗസ്റ്റ് 9ന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.
ബിഗ് ബാറ്റ് ഫിലിംസിന്റെ ബാനറിൽ രാജീവ് എസ്. റുകിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിദ്ധാർത്ഥ് മൽഹോത്രയും പരിനീതി ചോപ്രയും ജോടികളാകുന്ന ജബരിയ കി ജോഡിയും ഇതേ ദിവസം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.ബാലാജി ടെലിഫിലിംസും കർമ്മ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് സിംഗാണ്.രാകേഷ് ധവാൻ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിൽ അക്ഷയ്കുമാർ എത്തുന്ന മിഷൻ മംഗൾ ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.
കേപ് ഒഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ഹോപ്പ് പ്രൊഡക് ഷൻസ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിദ്യാബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യാമേനോൻ എന്നിവരാണ് നായികമാരാകുന്നത്. ജഗൻ ശക്തിയാണ് സംവിധായകൻ.ജോൺ എബ്രഹാമും മൃണാൾ താക്കൂറും നായകനും നായികയുമാകുന്ന ബദ്ലാഹൗസ് എന്ന ആക്ഷൻ ത്രില്ലറും ഇതേ ദിവസം തിയേറ്ററിലെത്തും.ടി. സീരീസും എമ്മെ എന്റർടെയ്ൻമെന്റ് പ്രൈ ലിമിറ്റഡും ജെ. എ. എന്റർടെയ്ൻമെന്റ് പ്രൈ ലിമിറ്റഡും ബ്രേക്ക് മൈ കേക്ക് ഫിലിം പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നിഖിൽ അദ്വാനിയാണ്.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയുടെ ഹിന്ദി പതിപ്പ് ആഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക.
യു.വി. ക്രിയേഷൻസും ടി. സീരീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സുജിത്താണ്.
സഞ്ജയ് മിശ്ര, ഹൃഷിതഭട്ട് എന്നിവർ ജോടികളാകുന്ന അമ്മാ കി ബോലിയാണ് ഇതേ ദിവസം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. സ്ട്രീറ്റ് ആക്ഷൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നാരായൺ ചൗഹാനാണ് ഈ ഫാമിലി ഡ്രാമ സംവിധാനം ചെയ്യുന്നത്.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും നാദിയാ വാല ഗ്രാൻഡ്സൺ, എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ചിച്ചോറും ആഗസ്റ്റ് 30ന് എത്തും. സുഭാഷ് സിംഗ് രാജ്പുത്ത്, ശ്രദ്ധ കപൂർ, വരുൺ ശർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.