തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ തമിഴിലേക്ക്.എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകനായ എം.ശരവണൻ ഒരുക്കുന്ന റാങ്കിയിലൂടെയാണ് അനശ്വരയുടെ തമിഴ് അരങ്ങേറ്രം. തൃഷയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തൃഷയോടൊപ്പം ഒരു മുഴുനീള വേഷത്തിലാണ് താൻ അഭിനയിക്കുന്നതെന്ന് അനശ്വര സിറ്റി കൗമുദിയോട് പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോൾ ചെന്നൈയിൽ നടക്കുന്നത്. ഈ മാസം എട്ടിന് തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി അനശ്വര ബിജുമേനോൻ നായകനാകുന്ന ആദ്യരാത്രിയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
ലൈക്ക പ്രൊഡക് ഷൻസ് നിർമ്മിക്കുന്ന റാങ്കി പൂർണമായും ഒരു ക്രൈം സ്റ്റോറിയാണ്. ചതുരംഗ വേട്ടൈ 2 , ഗർജനൈ, പരമപഥം വിളയാട്ടു തുടങ്ങിയ ചിത്രങ്ങളാണ് തൃഷയുടേതായി ഉടൻ തിയേറ്ററുകളിലെത്തുന്നത്. രജനികാന്ത് ചിത്രം പേട്ടയാണ് ഒടുവിലായി പുറത്തിറങ്ങിയ തൃഷ ചിത്രം. കെ.എ. ശക്തിവേൽ ഛായാഗ്രഹണം നിർവഹിക്കുന്ന റാങ്കിയിൽ സംഗീതം സംവിധാനം നിർവഹിക്കുന്നത് സി.സത്യയാണ്.