കോളാമ്പിക്ക് ശേഷം നിത്യമേനോൻ മലയാളത്തിൽ അഭിനയിക്കുന്ന ആറാം തിരുകല്പന സെപ്തംബർ20 ന് കോഴിക്കോട് തുടങ്ങും. ഷൈൻ ടോം ചാക്കോ പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ് . നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഹു എന്ന ചിത്രത്തിന്റെ സംവിധായകൻ അജയ് ദേവലോകയാണ് ആറാം തിരുകല്പന സംവിധാനം ചെയ്യുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലറാണ് ചിത്രമെന്നും നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള ചത്രമായിരിക്കുമിതെന്നും സംവിധായകൻ സിറ്റി കൗമുദിയോട് പറഞ്ഞു.
നിത്യാമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. അജയ്ദേവലോകയുടെ തന്നെ കഥയ്ക്ക് ദമ്പതികളായ മുഹമ്മദ് ജിഷാദും ഷബ്നയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത് . മെമ്മറീസ്, ബെസ്റ്റ് ആക്ടർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജിജോയ് രാജഗോപാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബയ് ആസ്ഥാനമായുള്ള കോറിഡോർ സിക്സ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത് . ഹു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ അമിത് സുരേന്ദ്രൻ ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. പ്രോജക്ട് ഡിസൈനർ : സന്ദീപ് നാരായണൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മീര തലക്കോട്ടൂർ, സൗണ്ട് ഡിസൈനർ : വിശാഖ ബോകിൽ . കോഴിക്കോടും ചിക്കമംഗളൂരുമാണ് പ്രധാന ലൊക്കേഷനുകൾ .