തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ (35) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ.എം ബഷീർ മരിച്ചത്.
അതേസമയം, അപകടത്തിനിടയാക്കിയ കാർ ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു. എന്നാൽ വാഹനം ഓടിച്ചത് ശ്രീറാമോണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. അമിത വേഗത്തിലായിരുന്ന കാർ വെങ്കിട്ടരാമൻ ആണ് ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സുഹൃത്തായ വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. വഫയാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറയുന്നത്.
കാർ ആരാണ് ഓടിച്ചതെന്ന് വ്യക്തമാകാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. ശ്രീറാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരശോധനയ്ക്ക് ശേഷം വിട്ടയച്ചു.