തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ രക്തസാമ്പിൽ എടുക്കാൻ വിസമ്മതിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 12 മണിക്കൂറിനുള്ളിൽ രക്തസാമ്പിൾ എടുത്താൽ മതിയെന്നും കമ്മിഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, അപകടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ റഫർ ചെയ്തത് മെഡിക്കൽ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു.
ബഷീറിന്റെ അപകട മരണത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്കു കേസെടുത്ത് പൊലീസ്. ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എന്നാൽ, എഫ്.ഐ.ആറിൽ ഡ്രൈവറിന്റെ പേര് ചേർത്തിട്ടില്ല. അന്വേഷണത്തിന് ശേഷമേ പേര് ഉൾപ്പെടുത്തുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്‌മെന്റ് ആരോപിച്ചു.