narendra-modi

ശ്രീനഗർ : പതിറ്റാണ്ടുകളായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ കീറാമുട്ടിയായി തുടരുന്ന അതിർത്തി പ്രശ്നം പരിഹരിക്കാനുള്ള മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ നിർദ്ദേശത്തെ തള്ളിയതിന് പിന്നാലെ ജമ്മുവിൽ അസാധാരണ സൈനികനീക്കം. പടയൊരുക്കത്തിന് സമാനമായ സൈനിക വിന്യാസമാണ് അതിർത്തി പ്രദേശങ്ങളിൽ നടക്കുന്നത്. ഏതാനും ദിവസങ്ങളിലായി 38,000 സൈനികരെയാണ് കാശ്മീരിൽ അധികമായി കേന്ദ്രസർക്കാർ വിന്യസിച്ചത്. നിലവിലുള്ള പതിനായിരക്കണക്കിന് സൈനികർക്ക് പുറമേയാണിത്. വ്യോമസേനയ്ക്കും കരസേനയ്ക്കും ജാഗ്രതാ നിർദ്ദേശവും നൽകിയിരിക്കുകയാണ്. എന്നാൽ മോദി സർക്കാർ ജമ്മുകാശ്മീരിന്റെ കാര്യത്തിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും കരുതപ്പെടുന്നു. മോദി സർക്കാർ ജമ്മുകാശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്നന്നേയ്ക്കുമായി പരിഹരിക്കുന്നതിനായി തയ്യാറാക്കുന്ന 'ഗ്രാൻഡ് ഡിസൈൻ'നടപ്പിലാക്കാനായുള്ള മുന്നൊരുക്കമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും കുഴിബോബുകളും അമേരിക്കൻ നിർമ്മിത എം 24 സ്നിപ്പർ റൈഫിളും കണ്ടെത്തിയതിന് പിന്നാലെയാണ് സൈനിക നീക്കം വേഗത്തിലാക്കിയത്. സുരക്ഷ പ്രശ്നമുണ്ടെന്ന മുന്നറിയിപ്പ് നൽകി തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും പെട്ടെന്ന് താഴ്വര വിട്ട് പോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷ ഭീഷണി നേരിടുന്നതിനു വേണ്ടതിലും പതിൻമടങ്ങ് സൈനിക വിന്യാസം ജമ്മുകാശ്മീരിൽ ഏർപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലും ജമ്മുകാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. കാര്യത്തിൽ മോദി ഗവൺമെന്റ് ഒരു 'ഗ്രാൻഡ് ഡിസൈൻ' നടപ്പാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് കരുതുന്നു. സംസ്ഥാനത്തെ പള്ളികളുടെ കണക്കെടുക്കാൻ നിർദ്ദേശിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.


ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നും സംസ്ഥാനത്തെ മൂന്നായി വിഭജിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.

അഭ്യൂഹങ്ങൾ ഇങ്ങനെ

1. ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിമാർ ഡൽഹിയിൽ ചുവപ്പുകോട്ടയിൽ പതാക ഉയർത്തുന്നതാണ് കീഴ്വഴക്കം.

2. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 35 എ, 370 വകുപ്പുകൾ റദ്ദാക്കും. ഇത് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനമാണ്.

3.ജമ്മുകാശ്മീരിനെ മൂന്നായി വിഭജിക്കും ഹിന്ദുക്കൾക്കായി ജമ്മു, മുസ്ലിങ്ങൾക്കായി ശ്രീനഗർ സംസ്ഥാനങ്ങളും ബുദ്ധമതക്കാർക്കായി കേന്ദ്രഭരണ പ്രദേശ പദവിയോടെ ലഡാക്കും

4.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്തിന്റെ അതിർത്തി പുനർനിർണയിക്കും