തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ അപകടത്തിനിരയാക്കിയ കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ഡി.സി.പി ചോദ്യം ചെയ്യും. ഇപ്പോൾ ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് എത്തിയേക്കും. നേരത്തെ യുവതിയാണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം, ബഷീർ മരിക്കാനിടയായ അപകടത്തിൽ കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഷഫീക്ക്, മണിക്കുട്ടൻ എന്നിവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അമിത വേഗതയിലെത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറി കെ.എം ബഷീറിന്റെ ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു ദൃക്സാക്ഷികൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അപകടത്തിൽ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്ത് മാറ്റി തറയിൽ കിടത്തിയത്. തുടർന്ന് മ്യൂസിയം സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് ഷഫീക്ക് പറഞ്ഞു. വെള്ളയമ്പലത്തിൽ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.
ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടൻ പറഞ്ഞു. കാർ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ രക്തസാമ്പിൽ എടുക്കാൻ വിസമ്മതിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 12 മണിക്കൂറിനുള്ളിൽ രക്തസാമ്പിൾ എടുത്താൽ മതിയെന്നും കമ്മിഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ റഫർ ചെയ്തത് മെഡിക്കൽ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോയി.