ലക്നൗ: ഉന്നാവോ ലെെംഗികാക്രമണക്കേസിലെ മുഖ്യ പ്രതിയായ കുൽദീപ് സെൻഗറെ പിന്തുണച്ച് ബി.ജെ.പി എം.എൽ.എ രംഗത്തെത്തി. ഉത്തർപ്രദേശിലെ ഹാർദോയിലെ എം.എൽ.എയായ ആശിഷ് സിംഗ് ആശു ആണ് തന്റെ പ്രസംഗത്തിലൂടെ കുൽദീപിന് പിന്തുണയറിച്ച് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കുൽദീപ് ഇപ്പോൾ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ജയിലിൽ നിന്ന് പുറത്തുവരട്ടേയെന്ന് ആശംസിക്കുന്നതായി ആശിഷ് പറയുന്നു.
‘നമ്മുടെ സഹോദരൻ കുൽദീപ് സിംഗ് ഇന്ന് നമ്മളോടൊപ്പമില്ല, വളരെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. ഞങ്ങളുടെ എല്ലാ ആശംസയും അദ്ദേഹത്തിനുണ്ട്. ഈ മോശം സമയത്തെ അദ്ദേഹം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മൾ എവിടെയായിരുന്നാലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും.’-അദ്ദേഹം പറഞ്ഞു.
അതേസമയം, കുൽദീപ് സെൻഗറിനെ ചോദ്യംചെയ്യാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകി. പരാതിക്കാരിയായ പെൺകുട്ടിയെ വധിക്കാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും റിമാൻഡ് ചെയ്തു. കാറപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവോയിലെ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ചികിത്സ ലക്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ തുടരും. ഈ ഘട്ടത്തിൽ ലക്നൗവിൽനിന്ന് മാറ്റേണ്ടതില്ലെന്ന് പെൺകുട്ടിയുടെ കുടുംബം അഭിപ്രായപ്പെട്ടതായി അമിക്കസ് ക്യൂറി വി. ഗിരി ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വീണ്ടും ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ആശുപത്രിമാറ്റം നീട്ടുകയായിരുന്നു.
കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ലക്നൗവിന് പുറത്തേക്ക് ഇരുവരെയും മാറ്റാമെന്ന് കോടതി വ്യാഴാഴ്ച പറഞ്ഞിരുന്നു. അബോധാവസ്ഥയിലുള്ള പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. പരിക്കേറ്റ അഭിഭാഷകനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റുന്നതിൽ പിതാവ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു.