ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയാണ് ശ്രീലത നമ്പൂതിരി. നാലരപ്പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിത്തിൽ മൂന്നൂറിലധികം സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളായി പ്രേക്ഷകന് മുന്നിലെത്താൻ ശ്രീലതയ്‌ക്ക് കഴിഞ്ഞു. അടൂർ ഭാസിക്കൊപ്പമുള്ള അഭിനയം സിനിമാ പ്രേമികളുടെ ഇഷ്‌ട ജോഡിയായി ഇരുവരെയും മാറ്റി. നിരവധി ചിത്രങ്ങളിൽ അടൂർഭാസി- ശ്രീലത ജോഡികൾ അരങ്ങു തകർത്തു.
ഒരുപാട് സിനിമകളിൽ ഒപ്പം അഭിനയിച്ചതുകൊണ്ടുതന്നെ തങ്ങളെ ഇരുവരെയും ചേർത്ത് ധാരാളം ഗോസിപ്പുകൾ സിനിമയ്‌ക്ക് അകത്തും പുറത്തും സജീവമായിരുന്നുവെന്ന് ശ്രീലത പറയന്നു. 'അദ്ദേഹത്തെ കല്യാണം കഴിക്കുമോ എന്നുമൊക്കെയായിരുന്നു പലതും. നാട്ടിൽ ഔട്ട് ഡോർ ഷൂട്ടിംഗിനെത്തുമ്പോൾ ഞാൻ പോകുന്നത് കണ്ടാൽ നാട്ടുകാർ പറയുമായിരുന്നു, ദേ അടൂർ ഭാസി പോകുന്നുവെന്ന്. ഭാസിച്ചേട്ടനെ കണ്ടാൽ തിരിച്ചും. പത്രക്കാർ ഇതിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ പുള്ളി കളിയാക്കി കൊണ്ട് ചില അടയാളങ്ങളൊക്കെ കാണിക്കും. എന്തിനാ അങ്ങനെയൊക്കെ കാണിക്കുന്നതെന്ന് ചോദിച്ചാൽ ചുമ്മാ ഒരു പ്രശസ്‌തിയല്ലേ ഇരുന്നോട്ടെ എന്നായിരിക്കും മറുപടി'- ശ്രീലത പറയുന്നു.
കല്യാണം കഴിക്കാതെ നടന്നിരുന്നതിനെ പറ്റി ചോദിക്കുമ്പോൾ, താനിങ്ങനെ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയൊക്കെ ഇന്നലെ കയറി വന്നവൾക്ക് കൊടുക്കാൻ കഴിയില്ലെന്നായിരിക്കും ഭാസിച്ചേട്ടൻ പറയുക. അങ്ങനെ നിങ്ങളുടെ അമ്മ ചിന്തിച്ചിരുന്നുവെങ്കിൽ ഇതുപറയാൻ നിങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് ഞങ്ങൾ ഭാസിച്ചേട്ടനോട് ചോദിക്കുമായിരുന്നു.
ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലത നമ്പൂതിരി തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവച്ചത്.