sriram-venkataraman

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് ശുഷ്കാന്തിക്കുറവുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

അപകടത്തിൽ കളക്ടറോടും ട്രാൻസ്പോർട്ട് സെക്രട്ടറിയോടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർ നിയമം പാലിക്കുന്നതിൽ ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണെന്നും ആരെങ്കിലും മനപ്പൂർവം രക്ഷിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഉടൻ റദ്ദാക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ഡി.സി.പി ചോദ്യം ചെയ്യും. ഇപ്പോൾ ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് എത്തി. നേരത്തെ യുവതിയാണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം പൊലീസിന് മൊഴി നൽകിയിരുന്നു.