ന്യൂഡൽഹി: അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച മാലിദ്വീപ് മുൻ മുൻ വെെസ് പ്രസിഡന്റിനെ അഹമ്മദ് അദീബിനെ ഇന്ത്യ തിരിച്ചയച്ചു. രാഷ്ട്രീയ അഭയം തേടാനുള്ള അഹമ്മദിന്റെ അപേക്ഷ ഇന്ത്യൻ സർക്കാർ നിരസിച്ചതിനെ തുടർന്നാണ് അദീബിനെ തിരിച്ചയച്ചത്. കൂടാതെ മതിയായ യാത്രാ രേഖകളും അദീബിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അദീബിനെ വ്യാഴാഴ്ചയാണ് ഇന്ത്യൻ ഏജൻസികൾ കസ്റ്റഡിയിലെടുത്തത്.
ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അദീബിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 27നാണ് അദീബ് മാലിദ്വീപ് വിട്ടത്. മുൻ രാഷ്ട്രപതി അബ്ദുള്ള യമീനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്ന അദീബ് ചില അഴിമതി കേസുകളിലും പ്രതിയാണ്. കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ അദീബിന്റെ പാസ്‌പോർട്ട് മാലിദ്വീപ് അധികൃതർ തടഞ്ഞുവച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് അദീബിനെ കാണാതായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന വിവരം മാലി അധികൃതർ കൈമാറിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസ് അദീബിനായി അന്വേഷണം നടത്തിയത്.