bjp

ന്യൂഡൽഹി: പാർട്ടി അംഗങ്ങൾക്ക് അച്ചടക്കം പരിശീലിപ്പിക്കാൻ പഠനക്ലാസുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. അച്ചടക്കമുള്ള പെരുമാറ്റം, പാർലമെന്റ് നടപടികൾ, പ്രത്യയശാസ്ത്രം തുടങ്ങിയവയിലാണ് ക്ലാസ് നൽകുക. രണ്ട് ദിവസത്തെ ക്ലാസിന് ഇന്ന് തുടക്കമാകും. "അഭ്യാസ് വർഗ" എന്ന് പേരിട്ടിരിക്കുന്ന സെഷനിൽ പാർട്ടി നേതാക്കളെല്ലാവരും പങ്കെടുക്കും. പുതിയ എം.പിമാർക്ക് പാർലമെന്റ് സംബന്ധമായ കാര്യങ്ങളിൽ പരിചയം നൽകാനും ഉത്തരവാദിത്തങ്ങൾ പഠിപ്പിക്കാനുമാണ് ക്ലാസെന്ന് ബി.ജെ.പി നേതൃത്വം അഭിപ്രായപ്പെട്ടു.

മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരും എം.പിമാരിലുള്ളതിനാൽ ഇവർക്ക് ബി.ജെ.പിയുടെ രീതികൾ പഠിപ്പിക്കുകയും ക്ലാസിലൂടെ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ മുതലായവർ പങ്കെടുക്കുന്ന ക്ലാസിൽ എം.പിമാരുടെ പങ്കാളിത്തം നിർബന്ധമാണ്. പാർലമെന്റിലെ കടമകളെ കുറിച്ച് അമിത് ഷാ ക്ലാസെടുക്കും. പാർലമെന്റിൽ എം.പിമാരുടെ പ്രവർത്തനത്തെക്കുറിച്ചായിരിക്കും അമിത് ഷാ സംസാരിക്കുക. ഞായറാഴ്ചയാണ് നരേന്ദ്രമോദി ക്ലാസെടുക്കുക. പരിപാടിയിൽ മാദ്ധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ട്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉദ്ഘാടന പ്രസംഗം നടത്തും.

പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. അടുത്തിടെ എം.പിമാരും എം.എൽ.എമാരും പാർട്ടിയെ മോശപ്പെടുത്തുന്ന രീതിയിൽ പരസ്യമായി പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിലാണ് അച്ചടക്ക പരിശീലനം സെഷനിൽ ഉൾപ്പെടുത്തിയത്. ക്ലാസിൽ എല്ലാ എം.പി.മാരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് പാർട്ടി പാർലമെന്റെറി ഓഫീസിന്റെ നിർദേശം.