sreeram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിനോട് പറഞ്ഞു. രാത്രി കാർ ആവശ്യപ്പെട്ട് ശ്രീറാം വിളിക്കുകയായിരുന്നു. തുടർന്ന് 12.40 ഓടെ കവടിയാറിലെത്തിയെന്നും പിന്നീട് ശ്രീറാമാണ് വാഹനം ഓടിച്ചതെന്നും വഫ പൊലീസിനോട് പറഞ്ഞു.


ശ്രീറാം ഓടിക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ശ്രീറാം വെങ്കിട്ടരാമനെ പരിചയപ്പെട്ടതെന്നും വഫ ഫിറോസ് പൊലിസിനോട് പറഞ്ഞു.ഇതിനിടെ അപകടം വരുത്തിയ കാർ മുൻപും കേസിൽ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റേതാണ് കാർ. അപകടത്തിനിടയാക്കിയ കാർ മുമ്പും അമിതവേഗത്തിൽ ഓടിച്ചു. മൂന്നുതവണ കാമറയിൽ കുടുങ്ങിയിട്ടുണ്ട്. മോട്ടോർവാഹനവകുപ്പിന്റെ ചെക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മോഡലും ദുബായിൽ വ്യവസായിയുമാണ് വഫ ഫിറോസ്.

വഫയുടെ ഭർത്താവ് ഫിറോസ് ഗൾഫിലാണ്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവർ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയിൽ കാല് നിലത്തുറയ്ക്കാതെ നിൽക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്രെടുക്കാൻ വഫ ഫിറോസ് തയ്യാറായതും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബർ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.