തിരുവനന്തപുരം : തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അപകടത്തിൽ പെട്ട കാർ മുൻപും കേസിൽ പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറാണ് മാദ്ധ്യമപ്രവർത്തകന്റെ ബൈക്കിൽ ഇടിച്ചുകയറിയത്. ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ മോഡലും ദുബായി വ്യവസായിയുമായ വഫ ഫിറോസിന്റേതാണ്. ഇവരും ശ്രീറാമിനൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്നു. മുൻപും അമിത വേഗത്തിന് അപകടം വരുത്തിയ കാർ പെട്ടിട്ടുണ്ട്. മൂന്ന് പ്രാവശ്യമാണ് അമിത വേഗത്തിൽ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ ഈ കാർ പതിഞ്ഞിട്ടുള്ളത്.
പൊലീസിന്റെ കള്ളക്കളി പൊളിഞ്ഞു
തലസ്ഥാനത്തെ വി.ഐ.പികളുടെ താമസസ്ഥലത്താണ് അപകടമുണ്ടായത്. മാദ്ധ്യമപ്രവർത്തകനെ ഇടിച്ച കാറിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ പൊലീസ് കേസ് തേച്ചുമായ്ക്കാനുള്ള ശ്രമം തുടക്കം മുതൽക്കേ സ്വീകരിച്ചു. കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ ആശുപത്രിയിലാക്കിയ പൊലീസ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ർ സംശയം പ്രകടിപ്പിച്ചിട്ടും വൈദ്യ പരിശോധന നടത്തിയില്ല, അതേ സമയം കൂടെയുണ്ടായിരുന്ന വഫ ഫിറോസിനെ അപകട സ്ഥലത്തുവച്ചുതന്നെ ഓൺലൈൻ ടാക്സിയിൽ കയറ്റി വീട്ടിലേക്ക് അയക്കുവാനാണ് ശ്രമിച്ചത്. എന്നാൽ ദൃക്സാക്ഷി മൊഴികൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ പൊലീസിന് നിൽക്കക്കള്ളി ഇല്ലാതാവുകയായിരുന്നു.