ശ്രീനഗർ: ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രൻ ഖാനും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് നിയന്ത്രണ രേഖയുടെ പാക് ഭാഗത്തുള്ള ഭീകരരുടെ ലോഞ്ച് പാഡുകൾ ഒഴിവാക്കിയിരുന്നു. അതോടൊപ്പം ഭീകരതയ്ക്കെതിരെ ഇമ്രാൻ ഖാൻ പരസ്യമായി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം പാക് ഭാഗത്ത് വീണ്ടും ഭീകരരുടെ ലോഞ്ച് സജീവമായിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പുള്ള റിപ്പോർട്ട് പ്രകാരം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ കാത്തിരുന്ന ഭീകരരുടെ ലോഞ്ച് പാഡുകൾ അപ്രത്യക്ഷമായിരുന്നു. മേയ്-ഒക്ടോബർ മാസങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റക്കാർ ഇല്ലെന്നത് പുതുമയായിരുന്നു. 200-250 വരെയുള്ള ഭീകര ലോഞ്ചിംഗ് പാഡുകൾ തിരികെയെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഗുരസ് താഴ് വരയിൽ കഴിഞ്ഞദിവസം ഉണ്ടായ വെടിനിർത്തൽ കരാർ ലംഘനം നുഴഞ്ഞ് കയറ്റത്തിന്റെ ശ്രമമായിരുന്നെന്നും രണ്ട് മൃതദേഹങ്ങൾ അവിടെ നിന്നും കണ്ടെത്തിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്ക സന്ദർശിച്ചത്. കാശ്മീർ പ്രശ്‌നത്തിൽ മദ്ധ്യസ്ഥത വഹിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇമ്രാൻഖാൻ ആവശ്യപ്പെട്ടിരുന്നു.