ആഗസ്റ്റിൽ നിരനിരയായി കിടക്കുന്ന ചുവന്ന ലീവുകൾ വെറുതേ കളയേണ്ട. യാത്ര ഇഷ്ടപ്പെടുന്നവർക്ക് മൂന്ന് ദിവസം ലീവെടുത്താൽ ഒരാഴ്ച അടിച്ചുപൊളിക്കുവാൻ പറ്റിയ പ്ലാനാണ് ആഗസ്റ്റിലുള്ളത്. പത്താം തീയ്യതിയാണ് രണ്ടാം ശനി വരുന്നത്. പിന്നെ ആഗസ്റ്റ് 12 തിങ്കളാഴ്ചയിലെ ഈദുൽ ഫിത്തർ, ആഗസ്റ്റ് 15 വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനം എന്നിങ്ങനെയാണ് അവധികൾ.
ശനിയും ഞായറും അവധി. ആഗസ്റ്റ് 12 തിങ്കളാഴ്ചയിലെ ഈദുൽ ഫിത്തറിനും അവധി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ടു ലീവ് എടുക്കാം. അതു കഴിഞ്ഞ് വ്യാഴാഴ്ച ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. വെള്ളിയാഴ്ച ആഗസ്റ്റ് 16 ഒരു ലീവും കൂടിയെടുത്താൽ യാത്ര പൊളിക്കാം. പിന്നീട് വരുന്നത് ശനിയും ഞായറും അങ്ങനെ മൂന്ന് ലീവ് എടുത്താൽ ഒരാഴ്ച യാത്രയ്ക്കെടുക്കാം. ഒരുമിച്ചു കിട്ടുന്ന ലീവുകൾ അടിച്ചുപൊളിക്കാൻ പറ്റിയ കുറച്ചു സ്ഥലങ്ങളിതാ.
ഹംപി
ഉത്തരകർണാടകത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു.
വിജയ നഗര രാജാക്കന്മാരുടെ ശേഷിപ്പുകൾ കല്ലുകളിൽ സൂക്ഷിക്കുന്ന ഹംപി ചരിത്ര പ്രിയർക്കും യാത്രകളെ സ്നേഹിക്കുന്നവർക്കും തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ്. കുറഞ്ഞത് രണ്ട് പകലെങ്കിലും ചിലവഴിച്ചാൽ മാത്രമേ ഇവിടുത്തെ കാഴ്ചകൾ ഓടിച്ചെങ്കിലും കണ്ടു തീർക്കുവാൻ കഴിയൂ. ആദ്യം ബാംഗ്ലൂരെത്തി ഇവിടെ നിന്നും ഹംപിക്കും പോകുവാനും അല്ലെങ്കിൽ മൈസൂരിൽ നിന്നു പോകുവാനും സാധിക്കും.
ഡണ്ടേലി
കർണ്ണാടകയിലെ ഋഷികേഷ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഡണ്ടേലി. ഇവിടുത്തെ പ്രശസ്തമായ ജലവിനോദങ്ങളാണ് ഡണ്ടേലിയെ ഒരു ചെറിയ ഋഷികേശാക്കി മാറ്റിയിരിക്കുന്നത്. ജംഗിൾ ക്യാംപിംഗ്, അതി സാഹസികമായ വാട്ടർ റാഫ്ടിംഗ്, റിവർ സൈഡ് നൈറ്റ് ക്യാംപിംഗ്, ഡണ്ടേലി വന്യജീവി സങ്കേതം, പച്ചപ്പു നിറഞ്ഞ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ. ഏതു കാലാവസ്ഥയിലും പോയി അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് ഡണ്ടേലി.
മാൽഷേജ്ഘട്ട്
മാൽഷേജ്ഘട്ടിലെ കാഴ്ചകൾ വേറിട്ടതാണ്. എന്നാൽ അപകടം പിടിച്ച യാത്രകൂടിയാണ് ഇവിടുത്തേത്. മഹാരാഷ്ട്രയിലാണ് മാൽഷേജ്ഘട്ട് സ്ഥിതി ചെയ്യുന്നത്. പാറ വെട്ടിയുണ്ടാക്കിയ റോഡുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ നാടിനുള്ളത്. മല വെട്ടിക്കീറി ഉണ്ടാക്കിയിരിക്കുന്നതാണു പാത. തൂണില്ലാതെ മുകൾഭാഗം വാർത്തിട്ടിരിക്കുന്നതുപോലെ, മലതുരന്നു പണിതിരിക്കുന്ന റോഡിനു മുകളിൽ പാറയുടെ മേൽക്കൂരയാണ്.
ബാരാമതി
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടുത്തെ കാർഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികൾ എത്തുന്നത്. കൃഷി ജീവിതോപാധിയാക്കി മാറ്റിയ ഒരു ജനതയാണ് ഇവിടെയുള്ളത്. കാർഷിക നഗരമായ ഇവിടെയെത്തുന്ന ആളുകളെ പിഴിയുന്ന തരത്തിലല്ല കാര്യങ്ങളുള്ളത്. മറിച്ച് മിതമായ ചിലവിൽ കൃഷിയിടങ്ങൾ കാണുവാനും ഭക്ഷണം ആസ്വദിക്കുവാനും ഇവിടെ സാധിക്കും.