തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കാലവർഷം ശക്തിപ്രാപിച്ചില്ലെങ്കിൽ ഈ മാസം 16-ാം തീയതി മുതൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇബി ചെയർമാൻ എൻ.എസ് പിള്ള വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്‍ദ്ധരുടെ പ്രവചനമെന്നും അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താൻ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങൾ ബോർഡ് എടുക്കുമെന്നും കെ.എസ്.ഇബി ചെയർമാൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞമാസം അറിയിച്ചിരുന്നു. ആഗസ്റ്റിൽ യോഗം ചേർന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും വിലയിരുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളിൽ നിയന്ത്രണം നിലവിലുണ്ട്.