അർദ്ധരാത്രി തലസ്ഥാനത്ത് വാഹനമോടിച്ച് മാദ്ധ്യമപ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുത മന്ത്രി എം.എം.മണി. അപകടമുണ്ടാക്കിയ ശേഷം ആ കുറ്റം കൂടെ യാത്രചെയ്ത യുവതിയുടെ മേൽ ആരോപിക്കുവാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നും, ഇതെല്ലാം ചെയ്തത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോൾ ലജ്ജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ കേസിൽ സർക്കാർ ശ്രീറാമിന് ഒരു പരിഗണനയും നൽകില്ലെന്നും ഉറപ്പു നൽകുകയും ചെയ്യുന്നു.
ഇന്ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തകനായ കെ.എം.ബഷീർ മരണപ്പെട്ടത്. സുഹൃത്തും മോഡലുമായ വഫ ഫിറോസിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ഇവരും അപകടസമയത്ത് കാറിലുണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം