കൊച്ചി / പെരുമ്പാവൂർ : പെരുമ്പാവൂരിൽ വൻ കഞ്ചാവ് ശേഖരവുമായി യുവ ദമ്പതികൾ പൊലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ബൈക്കിൽ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങൾ നിരവധിയുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. പരിശോധന ശക്തമായതോടെയാണ് ഇത്തരം സംഘങ്ങൾ കാറ് ഉപേക്ഷിച്ച് ബൈക്കിലേക്ക് തിരിഞ്ഞിരിക്കുന്നത്. പരിശോധനകൾ ഒഴിവാക്കാനാണ് യുവതികളെ ഒപ്പം കൂട്ടുന്നത്. ഇന്നലെ പിടിയിലായ യുവ ദമ്പതികളും കഞ്ചാവ് കടത്താൻ സൂപ്പർ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. തൊടുപുഴ കുമാരമംഗലം വല്ലേജിലെ ഏഴല്ലൂർ കരയിലെ മദ്രസ കവലയിലുള്ള കളരിക്കൽ വീട്ടിൽ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശേരി വീട്ടിൽ ആതിര (26)യുമാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷൻ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യിൽ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. യുവതിയുടെ ബാഗിൽ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പാലയേക്കര മുതൽ പെരുമ്പാവൂർ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പൊലീസ് 24 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചു
ദമ്പതികൾ അറസ്റ്റിലായ കേസിൽ കഞ്ചാവ് കൈമാറിയവരുടെയും ഇടനിലക്കാരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇവരുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. നിലവിൽ, അന്വേഷണം നടക്കുകയാണ്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ആറു മാസമായി തിരിപ്പൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തി വരികയായിരുന്നു ഇരുവരും. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായിത്. വർഷങ്ങളോളം ഗൾഫിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നെങ്കിലും സാമ്പത്തിക നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കഞ്ചാവ് കടത്തലേക്ക് തിരിഞ്ഞതെന്നാണ് സബീറിന്റെ മൊഴി. അതേസമയം, പർച്ചയ്സിന് പോകുകയാണെന്നും പറഞ്ഞാണ് സബീർ കൂടെ കൂട്ടാറുള്ളതെന്നും ബാഗിൽ കഞ്ചാവാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആതിര മൊഴി നൽകിയിട്ടുള്ളത്. ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.