അപ്പോൾ സമയം രാത്രി 8 മണിയായിരുന്നു.
പുറംപണിക്കാർ നാലുപേർക്കും ഭീതി തോന്നി. അവർ അനന്തഭദ്രന്റെ ചിതയ്ക്കു നേരെ നോക്കിയിരുന്നു.
ഒരു കറുത്ത രൂപം!
അത് ചിതയെ വലം വയ്ക്കുകയാണ്.പല തവണ...
''നമുക്കങ്ങോട്ടു ചെല്ലാം. ആരാണെന്ന് അറിയണമല്ലോ."
ഒരുവൻ എഴുന്നേൽക്കാൻ ഭാവിച്ചതും അടുത്തയാൾ കൈ പിടിച്ചിരുത്തി.
''ബുദ്ധിമോശം കാണിക്കല്ലേടാ. മനുഷ്യരാരും ഈ സമയത്ത് ചിതയുടെ അടുത്തു നിൽക്കില്ല."
''പിന്നെ?" അയാൾക്കും നേരിയ ഭയമായിത്തുടങ്ങി.
''ഒരുപക്ഷേ നേരത്തെ മരിച്ചുപോയവർ ആയിരിക്കും. തമ്പുരാന്റെ അച്ഛനോ ചേട്ടനോ...."
''നീ പറയുന്നത് പ്രേതം ആണെന്നാണോ?"
''എന്താ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ?"
ചോദിച്ചുകൊണ്ട് അയാൾ വീണ്ടും ചിതയ്ക്കു നേരെ നോക്കി.
അവിടെ ഒന്നുമില്ല!
അന്തരീക്ഷത്തിൽ അലിഞ്ഞു പോയതുപോലെ...
''ഇപ്പഴെന്തു പറയുന്നു?"
ആരും മിണ്ടിയില്ല.
''ഇനി നമ്മൾ ഇവിടെ ഇരിക്കുന്നത് നന്നല്ല."
അവർ നാലുപേരും പെട്ടെന്ന് എഴുന്നേറ്റു.
പിന്നെ വടക്കു കിഴക്കു ഭാഗത്തെ കിണറിന്റെ കൽക്കെട്ടിൽ പോയി ഇരുന്നു...
***** ***** ******
ആ സമയം ജനറൽ ഹോസ്പിറ്റലിൽ...
ശ്രീനിവാസ കിടാവുണ്ടായിരുന്നു ഐ.സിയൂവിന്റെ പുറത്ത്.
സി.ഐ ഋഷികേശും.
''കുത്തിയവനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. അല്ലേ?"
കിടാവ് ഋഷികേശിനെ നോക്കി.
''ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സാർ. ഞങ്ങളുടെ മുന്നിലുള്ളത് രണ്ട് വഴികൾ മാത്രമാണ്. ഒന്ന് - അവിടെ നിന്നു കിട്ടിയ ചോര പുരണ്ട കത്തിയിലെ ഫിംഗർ പ്രിന്റ്. ഏതെങ്കിലും കുറ്റവാളിയുടേതാണ് അതെങ്കിൽ കാര്യം എളുപ്പമായി. കാരണം പോലീസ് റിക്കാർഡിൽ ഒരുപാട് കുറ്റവാളികളുടെ ഫിംഗർ പ്രിന്റ്‌സ് ഉണ്ട്.
''രണ്ടാമത്തേതോ?"
കിടാവ് അസ്വസ്ഥനായി.
''അത്.... അവിടെ ധാരാളം മീഡിയക്കാർ ഉണ്ടായിരുന്നല്ലോ.... അവരുടെ ഏതെങ്കിലും ക്യാമറയിൽ കുറ്റവാളിയുടെ ഫോട്ടോ പതിഞ്ഞിരിക്കാനിടയുണ്ട്. അതാണ് പ്രതീക്ഷ. അവരുടെ ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്."
കിടാവ് ഒന്നു മൂളി.
എന്നാലും തന്റെ അനുജന്റെ ശരീരത്തിൽ കത്തികയറ്റുവാനുള്ള ധൈര്യം ആർക്കാണെന്നാണ് കിടാവു ചിന്തിച്ചത്. തന്റെ വാക്കുകൾക്ക് അപ്പുറം നിലമ്പൂരെ ജനങ്ങൾ ചലിക്കില്ല എന്ന പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്.
ആ സമയം രണ്ടുപേർ കൂടി അവിടേക്കു വന്നു.
പ്രജീഷും ചന്ദ്രകലയും.
അവരെ കണ്ടപ്പോൾ ഋഷികേശ് അവിടെ നിന്നു മാറി.
കഴിഞ്ഞ ദിവസം പ്രജീഷ് സഹായം ചോദിച്ചപ്പോൾ ഋഷികേശ് പോയില്ലല്ലോ...
''ഇപ്പഴെങ്ങനെയുണ്ട് സാർ?"
ചന്ദ്രകല, എം.എൽ.എയോടു തിരക്കി.
''പേടിക്കാനില്ലെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. കുറച്ചു മുമ്പും ഞാൻ അകത്തു കയറി അവനെ കണ്ടിരുന്നു. ബോധം തെളിഞ്ഞിട്ടുണ്ട്."
പ്രജീഷ്, എം.എൽ.എയുടെ തൊട്ടടുത്തു കിടന്നിരുന്ന കസേരയിൽ ഇരുന്നു.
''നമുക്കൊക്കെ എതിരെ ആരോ കളിക്കുന്നതു പോലെ തോന്നുന്നുണ്ട് സാർ."
ശ്രീനിവാസ കിടാവ് തലയാട്ടി.
''എന്ന് എനിക്കും തോന്നുന്നു പ്രജീഷേ..." എം.എൽ.എ ചുറ്റും ഒന്നു ശ്രദ്ധിച്ചുകൊണ്ട് സ്വരം താഴ്ത്തി. ''അതാരാണെന്ന് നമ്മൾ കണ്ടുപിടിക്കും. പിന്നെ ഒരിക്കലും നിയമത്തിനു മുന്നിൽ കൊണ്ടുപോകാതെ അവസാനിപ്പിക്കും. ആഢ്യൻപാറയിലെ പാറയിടുക്കുകൾക്കിടയിൽ അങ്ങനെയുള്ള എത്രയോപേർ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്."
അതു പറയുമ്പോൾ എം.എൽ.എയുടെ കണ്ണുകളിൽ ക്രൂരമായ ഒരു തിളക്കമുണ്ടായി.
''ശേഖരൻ സാറിനെ ഏതെങ്കിലും നല്ല പ്രൈവറ്റ് ഹോസ്പിറ്റലിലേക്കു മാറ്റിയാലോ?"
ചോദിച്ചുകൊണ്ട് ചന്ദ്രകലയും ഒരു കസേരയിൽ അമർന്നു.
''അതിന്റെ കാര്യമില്ല. നമുക്കൊക്കെ സർക്കാർ ഹോസ്പിറ്റലിൽ നല്ല ട്രീറ്റ്‌മെന്റ് കിട്ടിയില്ലെങ്കിൽ, പിന്നെ ആർക്കു കിട്ടാനാ? മഞ്ചേരിയിൽ നിന്ന് ഒരു ഡോക്ടറെ ഞാൻ വരുത്തിയിട്ടുണ്ട്."
അടുത്ത നിമിഷം പ്രജീഷിന്റെ ഫോൺ ശബ്ദിച്ചു.
അയാൾ എടുത്തു നോക്കി.
പരുന്ത് റഷീദ്!
ഫോൺ കാതിൽ വച്ചു.
''ങാ. പറഞ്ഞോ."
''ഞങ്ങൾ ചുങ്കത്തറയിൽ നിന്നു പുറപ്പെട്ടു. പണിക്കരുചേട്ടൻ കൂടെയുണ്ട്. സാറൊക്കെ കോവിലകത്ത് ഉണ്ടല്ലോ..."
''ഇപ്പോഴില്ല. എന്നാൽ നിങ്ങൾ എത്തും മുൻപ് ഞങ്ങളങ്ങു വരും."
അല്പനേരം കൂടി അവിടെയിരുന്നിട്ട് പ്രജീഷും ചന്ദ്രകലയും യാത്ര പറഞ്ഞു.
പുറത്ത് കിടാവിന്റെ പാർട്ടിയിൽ പെട്ട കുറേപ്പേർ ഉണ്ടായിരുന്നു.
വടക്കേ കോവിലകം.
മുറ്റത്ത് കാർ നിർത്തി പ്രജീഷും ചന്ദ്രകലയും ഇറങ്ങി.
അടുത്ത നിമിഷം അവർ ഞെട്ടിപ്പോയി....
തറവാടിന്റെ വാതിൽ മലർക്കെ തുറന്നുകിടക്കുന്നു!
(തുടരും)