തിരുവനന്തപുരം: അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ ബഷീറിനെ ബൈക്കിൽ കയറ്റിവിടാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷിയുടെ മൊഴി. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടൽ ജീവനക്കാരനായ ജിത്തുവിനോടാണ് ശ്രീറാം വെങ്കിട്ടരാമൻ ബൈക്കിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ ബൈക്കിന്റെ കണ്ടീഷൻ മോശമായതിനാൽ അത് സാധിക്കില്ലെന്ന് ജിത്തു ശ്രീറാമിനോട് പറയുകയായിരുന്നു. അപകട സമയത്ത് ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്നും ഒപ്പം ഒരു യുവതിയുണ്ടായിരുന്നെന്നും ജിത്തു മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടം നടന്ന് 20 മിനിട്ടോളെ ആരും സ്ഥലത്ത് എത്തിയില്ല. അപകടത്തിൽപ്പെട്ടയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. അടുത്ത് തന്നെ മ്യൂസിയം പൊലീസ് ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ആരും സ്ഥലത്തേക്ക് എത്തിയില്ല. കുറച്ചുകഴിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ അമിത വേഗത്തിലായിരുന്നു വന്നത്, കാറിന്റെ വേഗത കാരണം തന്റെ ബൈക്ക് സമീപത്ത് ഒതുക്കി നിർത്തുകയായിരുന്നെന്നും ജിത്തു സ്വകാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദൃക്സാക്ഷിയായ ജിത്തുവിന്റെ മൊഴി കൂടി പുറത്തുവന്നതോടെ ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുകയാണ്. കാറിന്റെ അമിത വേഗതയും ജിത്തുവിന്റെ മൊഴിയിലൂടെ വ്യക്തമായിരിക്കുകയാണ്.
അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഷഫീക്ക്, മണിക്കുട്ടൻ എന്നിവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമിത വേഗതയിലെത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറി കെ.എം ബഷീറിന്റെ ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നെന്നാണ് ഇരവരും പറഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്ത് മാറ്റി തറയിൽ കിടത്തിയത്. തുടർന്ന് മ്യൂസിയം സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് ഷഫീക്ക് പറഞ്ഞിരുന്നു. വെള്ളയമ്പലത്തിൽ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.